
പാട്ന: ബിഹാറിലെ മിനാപൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ സ്റ്റേജ് തകർന്നുവീണ് ജൻ അധികാർ പാർട്ടി (ജെ.എ.പി) നേതാവ് പപ്പു യാദവിന്റെ കൈ ഒടിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. യാദവ് യോഗത്തിൽ സംസാരിക്കുന്നതിനിടെ വേദി തകർന്നു വീഴുന്നതും പ്രവർത്തകർ അദ്ദേഹത്തെ സഹായിക്കാൻ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.
വലിയ ജനസാഗരം മിനാപൂരിലെ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയിരുന്നുവെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. ഭരണപരമായ വീഴ്ചകൾ മൂലമാണ് വേദി തകർന്നുവീണത്. എന്നിരുന്നാലും ഏത് സാഹചര്യത്തിലും ബിഹാറിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിനായി ജീവിതം സമർപ്പിക്കും. പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ് എന്ന മൂന്നാം മൂന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് പപ്പു യാദവ്.