shobha-surendran

തിരുവനന്തപുരം: താൻ ഉന്നയിച്ച പരാതികളിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കുമെന്ന നിലപാടിൽ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. തന്റെ പരാതികളിൽ കേന്ദ്ര നേതൃത്വം പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ശോഭ സുരേന്ദ്രനെന്നും അതിനുശേഷം മതി മറ്റ് നടപടികളെന്നുമാണ് അവർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.കോണ്‍ഗ്രസില്‍ പോകുമെന്നും അഭ്യൂഹമുണ്ടായി. ഇടയ്ക്ക്, ശോഭാ സുരേന്ദ്രൻ കോണ്‍ഗ്രസില്‍ പോകുമെന്നും അഭ്യൂഹമുണ്ടായി.

'തത്കാലം കാത്തിരിക്കണ'മെന്ന ഉപദേശമാണ് മുതിർന്ന നേതാക്കളിൽ നിന്നും ശോഭാ സുരേന്ദ്രന് ലഭിച്ചിരിക്കുന്നത്. അതേസമയം, ശോഭ പരാതി നല്‍കിയെങ്കില്‍ കേന്ദ്രനേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് പാർട്ടി നേതാക്കളായ പി.കെ. കൃഷ്ണദാസും ശോഭാ സുരേന്ദ്രൻ ഉന്നയിച്ച വിഷയങ്ങള്‍ പാർട്ടി സംസ്ഥാന വിഭാഗം ചർച്ച ചെയ്യുമെന്ന് എ.എൻ.രാധാകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, താൻ സി.പി.എമ്മിൽ ചേരുമെന്നും അതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വവുമായി ചർച്ചകൾ നടത്തിയെമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശോഭാ സുരേന്ദ്രൻ തള്ളിയിട്ടുണ്ട്. എന്നാൽ, ശോഭാ സുരേന്ദ്രന്റെ പരാതികൾ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം വാളയാർ വിഷയവുമായി ബന്ധപ്പെട്ട സമരപരിപാടിയിൽ ശോഭാ സുരേന്ദ്രൻ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെതിരെ പരസ്യമായ അതൃപ്തി പ്രകടമാക്കുകയും ഉണ്ടായി. തുടര്‍ന്ന് പാലക്കാട് ശോഭയെ അനുകൂലിക്കുന്ന ചിലര്‍ പാര്‍ട്ടിവിടുകയും ചെയ്തു. കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും ശോഭയുടെ തുടര്‍നീക്കങ്ങൾ എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.