
എഡിൻബർഗ്: ഇയാൻ ഫ്ലെമിംഗിന്റെ 'സൂപ്പർ സ്പൈ' ജയിംസ് ബോണ്ട് - 007 എന്ന കഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതരിപ്പിച്ച പ്രശസ്ത സ്കോട്ടിഷ് നടൻ ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് അന്ത്യം.
1962ൽ പുറത്തിങ്ങിയ ഡോക്ടർ നോ എന്ന ചിത്രത്തിലാണ് ഷോൺ ആദ്യമായി ബോണ്ടിനെ അവതരിപ്പിക്കുന്നത്. നെവർ സേ നെവർ എഗെയ്ൻ, ഫ്രം റഷ്യ വിത് ലവ് തുടങ്ങി പ്രശസ്തമായ ഏഴ് ബോണ്ട് ചിത്രങ്ങളിൽ ഷോൺ ജയിംസ് ബോണ്ട് 007എന്ന ഇതിഹാസ നായകനായി എത്തി. ഇന്നും ജയിംസ് ബോണ്ട് എന്ന് കേൾക്കുമ്പോൾ ഷോണിന്റെ മുഖമാണ് പ്രേക്ഷകമനസിൽ ആദ്യമെത്തുന്നത്.
ജയിംസ് ബോണ്ട് സിനിമകൾക്ക് പുറമേ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയപ്രതിഭ പ്രകടിപ്പിച്ചിട്ടുണ്ട്.
ദ അൺടച്ചബിൾസിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരം 1988ൽ കരസ്ഥമാക്കി. രണ്ട് തവണ ബാഫ്റ്റ അവാർഡും ,മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് അവാർഡും 2000 ത്തിൽ സർ പദവിയും നേടിയിട്ടുണ്ട്.
മർഡർ ഓൺ ദ് ഒറിയന്റ് എക്സ്പ്രസ്, ദ മാൻ ഹു വുഡ് ബി കിംഗ്, ദ നെയിം ഒഫ് റോസ് തുടങ്ങി പ്രശസ്തമായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2006ൽ സിനിമയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 2012ൽ പുറത്തിറങ്ങിയ എവർ ടു എക്സൽ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ആഖ്യാതാവായി അദ്ദേഹം എത്തിയിരുന്നു.
ആസ്ട്രേലിയൻ നടിയും കഥാകാരിയുമായ ഡയൻ ക്ലിന്റോയെ വിവാഹം ചെയ്തെങ്കിലും പിന്നീട് വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ജനിച്ച മകനാണ് നടനും സംവിധായകനുമായ ജേസൻ കോണറി. ഷോൺ പിന്നീട് മിഷേലിൻ റോക്യുബ്രൂണിനെ വിവാഹം ചെയ്തു.