sean-connery

ലണ്ടൻ : എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. ജെയിംസ് ബോണ്ട് എന്ന നായകനെ ആദ്യമായി അവതരിപ്പിച്ച ഷോൺ കോണറിയ്ക്ക് തന്നെയാണ് ലോകം ഈ വിശേഷണം ചാർത്തിക്കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഏറ്റവും മികച്ച നടനാരാണെന്ന് കണ്ടെത്താനായി ബ്രിട്ടീഷ് മാഗസിനായി റേഡിയോ ടൈംസ് ഒരു സർവേ നടത്തിയിരുന്നു.

ആയിരക്കണക്കിന് ആരാധകർ അന്ന് കോണറിയെയാണ് എക്കാലത്തെയും മികച്ച ബോണ്ടായി തിരഞ്ഞെടുത്തത്. ഇപ്പോൾ ബോണ്ടിനെ അവതരിപ്പിക്കുന്ന നടൻ ഡാനിയൽ ക്രെയ്ഗിനെ പിന്തള്ളിയാണ് ഷോണിനെ ആരാധകർ നെഞ്ചിലേറ്റിയത്. പിയേഴ്സ് ബ്രോസ്‌നൻ, തിമോത്തി ഡാൾട്ടൻ എന്നിവർക്കും ഷോൺ കോണറിയുടെ സ്ഥാനത്തിന് ചലനം സൃഷ്ടിക്കാനായില്ല. ബ്രിട്ടീഷുകാരനായ ഇയാൻ ഫ്ളെമിംഗിന്റെ തൂലികയിൽ പിറന്ന ജെയിംസ് ബോണ്ട് അഥവാ 007 എന്ന ബ്രിട്ടീഷ് ചാരൻ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിക്‌ഷണൽ കഥാപാത്രങ്ങളിൽ ഒരാളായി മാറാൻ നിർണായക പങ്ക് വഹിച്ചയാളാണ് ഷോൺ കോണറി.

sean-connery

ഒരു സാധാരണ മനുഷ്യനായ ബോണ്ട് തന്റെ കൂർമബുദ്ധികൊണ്ടും ശത്രുക്കളെ തേടിപ്പിടിച്ച് വകവരുത്തുന്ന പോരാട്ട പാടവത്താലും അജയ്യനാണ്. ബോണ്ടിന്റെ ഈ സവിശേഷതകളാണ് അയാളെ ഒരു അമാനുഷിക കഥാപാത്രമാക്കി മാറ്റുന്നത്. കണ്ടാൽ കരിങ്കല്ലു പോലെ, അധികം ചിരിക്കാത്ത, ഗൗരവം വിട്ടുകളയാത്ത ബോണ്ട്, ഷോൺ കോണറിയിലൂടെ പിറവിയെടുത്തപ്പോൾ നിർമാക്കളായ ഇയോൺ പ്രൊഡക്ഷൻസ് പോലും ചിന്തിച്ചു കാണില്ല ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ മൂന്നാമത്തെ സിനിമാ പരമ്പരയായി ജെയിംസ് ബോണ്ട് മാറുമെന്ന്.

കോണറിക്ക് പുറമേ ജോർജ് ലേസെൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്‌നൻ, ഡാനിയൽ ക്രെയ്‌ഗ് എന്നിവർ ബോണ്ടിനെ അവതരിപ്പിച്ചുണ്ട്. എങ്കിലും കോണറി ചിത്രങ്ങളാണ് ബോണ്ട് പരമ്പരയിലെ സുവർണകാലഘട്ടമായി സിനിമാലോകം വിശേഷിപ്പിക്കുന്നത്. ' ഡോ. നോ ' റിലീസ് ആയിട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 5ന് 58 വർഷം തികഞ്ഞു. കാലമിത്ര പിന്നിട്ടിട്ടും ജെയിംസ് ബോണ്ട് എന്ന പേര് കേൾക്കുമ്പോൾ വാൾട്ടർ പി.പി.കെ തോക്കുമേന്തി നിൽക്കുന്ന ഷോൺ കോണറിയെയാണ് ലോകം ഇന്നും ഓർക്കുന്നത്.