pic

ബംഗളൂരു: വാഹനവുമായി റോഡിലിറങ്ങുമ്പോൾ മിക്കവരുടെയും മനസിൽ കാണും ട്രാഫിക്ക് പൊലീസ് പിടിക്കുമോയെന്നൊരു ചിന്ത. ജനങ്ങളുടെ സുരക്ഷക്കായി ഗതാഗത നിയമം നടപ്പിലാക്കാൻ റോഡിലിറക്കുന്ന പൊലീസുകാരെ പേടിക്കണ്ട ആവശ്യമില്ല. എന്നിരുന്നാലും ഉള്ളതും ഇല്ലാത്തതുമായ നിരവധി വകുപ്പുകൾ ചേർത്ത് അമിത ഫെെൻ നൽകി
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ചില ഉദ്യോഗസ്ഥരെ പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്.

ബംഗളൂരുവിലെ മാഡിവാലയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അരുൺ കുമാറിനെ പൊലീസ് കെെകാണിച്ചു നിറുത്തി. വാഹന പരിശോധനയിൽ 77 ഓളം ട്രാഫിക്ക് നിയമ ലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ രണ്ട് മീറ്റർ നീളത്തിൽ ഫെെൻ പ്രിന്റ് ചെയ്തു കൊടുത്തു. പിഴ തുക കണ്ട് യാത്രക്കാരൻ ഞെട്ടിയെന്ന് തന്നെ പറയാം. 42500 രൂപയാണ് ഉദ്യോഗസ്ഥൻ ഫെെനായി നൽകിയത്. എന്നാൽ സ്കൂട്ടർ പഴയതാണെന്നും 30000 രൂപമാത്രമെ വിലയുള്ളുവെന്നും ഇതിനാൽ പണം നൽകാനാകില്ലെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. പൊലീസ് പിഴ തുക കുറയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിക്കുകയായിരുന്നു.

അരുൺ കുമാർ പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനാൽ വാഹനം പിടികൂടിയെന്നും നിയമപ്രകാരം ലേലം ചെയ്യുമെന്നും സബ് ഇൻസ്പെക്ടർ ശിവരാജ്കുമാർ അംഗടി പറഞ്ഞു. കഴിഞ്ഞ വർഷം പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം സമാനമായ നിരവധി സംഭവങ്ങൾ അരങ്ങേറുന്നുണ്ട്.