
എസ്.എസ് രാജമൗലി ചിത്രമായ 'ആർആർആറി'നെതിരെ ബി.ജെ.പി എം.പിയും തെലങ്കാനയിലെ ആദിവാസി നേതാവുമായ സോയംബാപ്പു റാവു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ, വിപ്ലവകാരി കൊമാരം ഭീമിനെ മുസ്ലിമാക്കി അവതരിപ്പിക്കുന്നതിലാണ് സോയംബാപ്പു റാവു തന്റെ എതിർപ്പ് പ്രകടിപ്പിച്ചത്. സിനിമയുടെ 40 ശതമാനം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ എന്നും 60 ശതമാനം ഇനിയും ചിത്രീകരിക്കാനുണ്ടെന്നും അതിനാൽ 'തൊപ്പിയും സുറുമയും പൈജാമയും എല്ലാം മാറ്റണ'മെന്നും സോയംബാപ്പു റാവു ആവശ്യപ്പെടുന്നുണ്ട്.
'യഥാർത്ഥ കൊമാരം ഭീമിനെ'യാണ് ചിത്രീകരിക്കേണ്ടതെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ചിത്രം പുറത്തിറക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും, അഥവാ റിലീസ് ചെയ്യുകയാണെങ്കിൽ ചിത്രം പുറത്തിറക്കുന്ന തീയറ്ററുകൾ കത്തിക്കുമെന്നും അദിലാബാദ് എം.പിയായ സോയംബാപ്പു റാവു ഭീഷണി മുഴക്കുന്നു. വിപ്ലവ നായകന്മാരായ അല്ലൂരി സീതാരാമ രാജു, കൊമാരം ഭീം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ആർആർആർ'.
തെലുങ്ക് നടന്മാരായ രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവരാണ് കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹൈദരാബാദിലെ നിസാം ഭരണത്തിനെതിരെ പോരാടിയ ആദിവാസി നേതാവായ കൊമാരം ഭീം, തലയിൽ മുസ്ലിം തൊപ്പി, കഴുത്തിൽ തബീസ്, കണ്ണുകളിൽ സുറുമ, പത്താനി പൈജാമ എന്നിവ ധരിച്ചുകൊണ്ട് ചിത്രത്തിന്റെ ഒരു പ്രോമോ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ഗ്രൂപ്പുക ഇക്കാര്യം വിവാദമാകുകയും ചെയ്തിരുന്നു.