
ബുംരയ്ക്കും ബൗൾട്ടിനും 3 വിക്കറ്റ്
ഇഷാന് അർദ്ധ സെഞ്ച്വറി
ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബയ് ഇന്ത്യൻസിന് 9 വിക്കറ്റിന്റെ വമ്പൻ വിജയം. മുംബയ് ബാളിംഗിന് മുന്നിൽ ചൂളിപ്പോയ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ മുംബയ് 14.2 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (111/1).
47 പന്തിൽ 8 ഫോറും 3 സിക്സും ഉൾപ്പെടെ 72 റൺസുമായി പുറത്താകാതെ നിന്ന ഇഷാൻ കിഷനാണ് മുംബയ്യെ ഈസിയായി വിജയ തീരത്തെത്തിച്ചത്. ഡൽഹി ഉയർത്തിയ ചെറിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബയ്ക്ക് ഓപ്പണർമാരായ ഇഷാനും ഡി കോക്കും (26) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 68 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോഴെ മുംബയ് ജയം ഉറപ്പിച്ചിരുന്നു. ആന്ദ്രേ നോർട്ട്ജെയുടെ പന്തിൽ ഡി കോക്ക് ക്ലീൻ ബൗൾഡായെങ്കിലും തുടർന്നെത്തിയ കഴിഞ്ഞ കളിയിലെ ഹീറോ സൂര്യ കുമാർ യാദവിനൊപ്പം (12) ഇഷാൻ മുംബയ്യെ വിജയ തീരത്തെത്തിക്കുകയായിരുന്നു.
ടോസ് നേടിയ മുംബയ് ക്യാപ്ടൻ കീറോൺ പൊള്ളാഡ് ഡൽഹിയെ ബാറ്റിംഗിന് അയച്ചു. ക്യാപ്ടന്റെ തീരുമാനം ശരിവച്ചു കൊണ്ട് ട്രെൻഡ് ബൗൾട്ടിന്റെയും ജസ്പ്രീത് ബുംരയുടേയും നേതൃത്വത്തിൽ മുംബയ് ബൗളർമാർ കത്തിക്കയറിയതോടെ ഡൽഹി പ്രതിസന്ധിയിലാവുകയായിരുന്നു.
ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ പരിചയ സമ്പന്നനായ ശിഖർ ധവാനെ സൂര്യ കുമാർ യാദവിന്റെ കൈയിൽ എത്തിച്ച് ട്രെൻഡ് ബൗൾട്ട് ആദ്യ വെടിപൊട്ടിച്ചു. 2 ഫോറുമായി നന്നായി തുടങ്ങിയ പ്രിഥ്വി ഷായാരുന്നു ബൗൾട്ടിന്റെ അടുത്ത ഇര. മൂന്നാമത്തെ ഓവറിലെ അവസാന പന്തിൽ ബൗൾട്ടിനെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച പ്രിഥ്വി കീപ്പർ ഡി കോക്കിന്റെ കൈയിൽ അവസാനിച്ചു. നായകൻ ശ്രേയസ് അയ്യരും (25), റിഷഭ് പന്തും (21) അല്പ നേരം പിടിച്ചു നിന്നത് ഡൽഹിക്ക് പ്രതീക്ഷ നൽകി. എന്നാൽ ടീം സ്കോർ 50ൽ വച്ച് രാഹുൽ ചഹറിന്റെ പന്തിൽ ഡി കോക്ക്് സ്റ്റമ്പ് ചെയ്ത് ശ്രേയസ് മടങ്ങിയതോടെ ഡൽഹിയുടെ ആ പ്രതീക്ഷയും അസ്തമിച്ചു. പിന്നീട് ബുംരയുടെ വരവായിരുന്നു. മാർകസ് സ്റ്റോയിനിസായിരുന്നു (2) ബുംരയുടെ ആദ്യ വിക്കറ്റ്. അധികം വൈകാതെ നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന റിഷഭ് പന്തിനേയും (21), യുവതാരം ഹർഷൽ പട്ടേലിനേയും (5) ബുംര വിക്കറ്റിന് മുന്നിൽ കുടുക്കി പറഞ്ഞ് വിട്ടതോടെ ഡൽഹി വലിയ പ്രതിസന്ധിയിലായി. അശ്വിനെ ബോൾട്ട് (12) ക്രുനാലിന്റെ കൈയിൽ എത്തിച്ചു. ഇന്നിംഗ്സിലെ അവസാന പന്തിൽ ഇല്ലാത്ത റൺസിനോടിയ റബാഡയെ (12) ബുംര റണ്ണൗട്ടാക്കിയതോടെ ഡൽഹി ബാറ്റിംഗ് നിരയുടെ പതനം പൂർണമായി. 4 ഓവറിൽ 17 റൺസ് മാത്രം നൽകിയാണ് ബുംര 3 വിക്കറ്റ് വീഴ്ത്തിയത്. സീസണിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്താനും ബുംരയ്ക്കായി. ബൗൾട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഡൽഹി ഡെയ്ഞ്ചർ സോണിൽ
പോയിന്റ് ടേബിളിൽ പലപ്പോഴും ഒന്നാം സ്ഥാനത്തായിരുന്ന ഡൽഹിക്ക് തുടർച്ചയായ 4 തോൽവികൾ വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഒരുമത്സരം തോറ്റാൽപ്പോലും പുറത്ത് പോയേക്കാമെന്ന ഡെയ്ഞ്ചർ സോണിലാണ് നിലവിൽ ഡൽഹി.
ഇന്നലത്തെ മുംബയ്ക്കെതിരായ വമ്പൻ തോൽവി നെറ്ര് റൺറേറ്റിലും ഡൽഹിക്ക് തിരിച്ചടിയായി.
13 മത്സരങ്ങളിൽ 9ഉം ജയിച്ച് 18 പോയിന്റുള്ള മുംബയ് നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഡൽഹി മൂന്നാം സ്ഥാനത്താണ്.