tamilnadu-cm

ചെന്നൈ: തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ നീട്ടി. തിയേറ്ററുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം എന്നിവയെല്ലാം നവംബര്‍ 10 ന് തുറക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കേന്ദ്ര അനുമതി ലഭിച്ചാല്‍ സബര്‍ബന്‍ സര്‍വ്വീസ് തുടങ്ങാനും തീരുമാനമായി. ബീച്ചുകള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ അടഞ്ഞ് കിടക്കും.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് നൂറ് പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തുന്നതിന് പാസ് നിര്‍ബന്ധമാക്കി.സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ താല്‍പ്പര്യപ്രകാരം വേണമെങ്കില്‍ വിദ്യാര്‍ത്ഥികളെ സംഘങ്ങളായി തിരിച്ച് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എല്‍കെജി മുതല്‍ എട്ടാം ക്ലാസ് വരെ തല്‍ക്കാലം ഇപ്പോള്‍ തുറക്കില്ല.

9, 10, 11, 12 ക്ലാസുകളും കോളേജുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആദ്യഘട്ടത്തില്‍ തുറക്കുക. സിനിമ തിയറ്ററുകളും നവംബര്‍ 10 മുതല്‍ 50 ശതമാനം ആളുകളുമായി പ്രവര്‍ത്തനം പുനഃരാരംഭിക്കുക. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ ഹോസ്റ്റലുകളും നവംബര്‍ 16 മുതല്‍ തുറക്കാന്‍ അനുമതി നല്‍കി.