
ജയ്‌പൂർ: കേന്ദ്രസർക്കാരിന്റെ മൂന്ന് കർഷക നിയമങ്ങളെ പ്രതിരോധിക്കാൻ മൂന്ന് ബില്ലുകൾ നിയമ സഭയിൽ അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. പഞ്ചാബിന്റെയും ചത്തീസ്ഗഡിന്റെയും ചുവടുപിടിച്ചാണ് പുതിയ നീക്കം.
രാജസ്ഥാൻ പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാളാണ് അവശ്യവസ്തുക്കളുടെ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, ന്യായവില ഉറപ്പ് നൽകുന്ന കാർഷിക സേവന ബിൽ, കർഷക വ്യാപാര വാണിജ്യ ഉത്പാദന ബിൽ എന്നിവ നിയമസഭയിൽ അവതരിപ്പിച്ചത്. രാജസ്ഥാൻ കോഡ് ഓഫ് പ്രൊസീജ്യർ ബില്ലും ധരിവാൾ അവതരിപ്പിച്ചിരുന്നു.
സംസ്ഥാനങ്ങളെ ആത്മവിശ്വാസത്തിലെടുക്കാതെ കേന്ദ്രം പാസാക്കിയ കർഷക നിയമങ്ങൾ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് ഖചരിയവാസ് പറഞ്ഞു.
'കേന്ദ്രം കർഷകരോട് കള്ളം പറയുകയാണ്, എന്നാൽ ഞങ്ങൾ അവരുടെ അവകാശങ്ങൾ നേടാൻ ശ്രമിക്കുകയാണ്, പഞ്ചാബിലുള്ളതിന് സമാനമായ കർഷക ബില്ലുകൾ ഇവിടെ പാസാക്കും." അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നിയമസഭ നാല് പുതിയ ഫാം ബില്ലുകൾ ഈ മാസമാദ്യം പാസാക്കിയിരുന്നു. ഛത്തീസ്ഗഡ് നിയമസഭയും ഇത്തരത്തിൽ ചത്തീസ്ഗഢ് കൃഷി ഉപാജ് മണ്ഡി (ഭേദഗതി) ബില്ലിന് അംഗീകാരം നൽകിയിരുന്നു.