
തിരുവനന്തപുരം: ലയൺ സഫാരി പാർക്കിൽ നിന്നും രക്ഷപ്പെട്ട കടുവ നെയ്യാർ ഡാമിലേക്ക് ചാടാൻ സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
നെയ്യാർ ഡാമിലെ ജലാശയത്തിലേക്ക് കടുവ ചാടിയോ എന്ന സംശയമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. രാത്രിയായതോടെ സഫാരി പാർക്കിലും പരിസരത്തുമായി നടത്തിവന്നിരുന്ന തെരച്ചിൽ അധികൃതർ അവസാനിപ്പിച്ചു. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ചു വീഴ്ത്താനാണ് വനം വകുപ്പിന്റെ തീരുമാനം. കടുവ ഇറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലയൺ സഫാരി പാർക്കിൻ്റെ പിറകിലെ പ്രവേശന കവാടത്തിന് സമീപം നേരത്തെ കടുവയെ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് സംഘം സന്നാഹങ്ങളോടെ ഇവിടെയെത്തിയെങ്കിലും കടുവ അവിടെ നിന്നും മാറുകയായിരുന്നു.
വയനാട്ടിലെ ആദിവാസിമേഖലയിൽ ഭീതി പടർത്തിയ പെൺകടുവയാണ് നെയ്യാർ ഡാമിൽ നിന്നും രക്ഷപ്പെട്ടത്. വയനാട്ടിൽ പത്തോളം ആടുകളെ കൊന്ന കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങുകയും പിന്നീട് നെയ്യാർ ഡാമിലേക്ക് കൊണ്ടു വരികയുമായിരുന്നു. നെയ്യാർ ഡാമിൽ വച്ച് ഇന്ന് രാവിലെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്. കടുവ രക്ഷപ്പെട്ട വാർത്ത പുറത്തായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.