
ലണ്ടൻ:ബോണ്ട്...ജയിംസ് ബോണ്ട്....
ഇയാൻ ഫ്ലെമിംഗ് സൃഷ്ടിച്ച ജയിംസ് ബോണ്ട് സ്വയം പരിചയപ്പെടുത്തുന്ന സിഗ്നേച്ചർ ഡയലോഗ് ആണിത്. ഈ ഡയലോഗ് ആദ്യം സിനിമയിൽ പറയാൻ ഭാഗ്യം ലഭിച്ച നടനാണ് ഷാൻ കോണറി. ഇതുവരെ ഇറങ്ങിയ 23 ബോണ്ട് സിനിമകളിലും ഈ ഡയലോഗുണ്ട്.
1962ൽ ഡോ. നോ മുതൽ ഏഴ് സിനിമകളിൽ ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് 007 ആയി തകർത്തഭിനയിച്ച ഷാൻ കോണറിയാണ് ജയിംസ് ബോണ്ടിനെ ഗ്ലാമർ ബോയി ആക്കിയത്. 'ഹാർഡ് സ്മോക്കിംഗ്, ഹെവിലി ഡ്രിങ്കിംഗ് വുമണൈസർ' എന്നൊരു പരിവേഷമുണ്ട് ആരെയും കൊല്ലാൻ ലൈസൻസുള്ള തോക്കുമായി നടക്കുന്ന ബോണ്ടിന്. ചുണ്ടിൽ ചുരുട്ടും മാർട്ടിനി വോഡ്കയും സുന്ദരികളായ സ്ത്രീകളും തോക്കും ഓസ്റ്റൻ മാർട്ടിൻ സൂപ്പർ കാറും - ബോണ്ടിന്റെ ഐതിഹാസിക ബ്രാൻഡുകളുടെ പര്യായമായി മാറിയ നടനാണ് ഷാൻ കോണറി.
ബോണ്ടിലൂടെ അന്താരാഷ്ട്ര താരമായി ഉയർന്ന ഷാൻ കോണറി നാല് പതിറ്റാണ്ട് ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളിലെ തിളക്കമുള്ള പ്രതിഭയായിരുന്നു.
പട്ടിണിയുടെ പാതാളങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിയ ജീവിതമാണ് കോണറിയുടേത്. എഡിൻബറോയിലെ ചേരികളിൽ വളർന്ന കുട്ടിക്കാലമായിരുന്നു. ശവപ്പെട്ടികൾ പോളീഷ് ചെയ്ത് ജീവിച്ച ദുരിതകാലം. പിന്നീട് ബോഡി ബിൽഡിംഗിലേക്ക് തിരിഞ്ഞതാണ് സിനിമയിൽ എത്തിച്ചത്.
1930 ആഗസ്റ്റ് 25ന് ജനനം. അച്ഛൻ ട്രക്ക് ഡ്രൈവറും അമ്മ ശുചീകരണ തൊഴിലാളിയുമായിരുന്നു. 13ാം വയസിൽ പഠിത്തം നിർത്തി. 1959ൽ ഡിസ്നിയുടെ ഒരു സിനിമയിലെ ചെറിയ വേഷമാണ് ബോണ്ടിൽ എത്തിച്ചത്.
ഷാൻ കോണറി ഒരിക്കലും ജയിംസ് ബോണ്ടായില്ല, ജയിംസ് ബോണ്ട് ഷാൻ കോണറി ആയി എന്നാണ് പറയാറ്. കോണറിയുടെ ഉടുപ്പും നടപ്പും വില്ലന്മാരെ തകർത്ത ശേഷമുള്ള നർമ്മത്തിൽ പൊതിഞ്ഞ വൺലൈനറുകളുടെ അവതരണവും സ്കോട്ടിഷ് ശൈലിയിലുള്ള സംസാരവും ബോണ്ട് കഥാപാത്രങ്ങൾക്ക് രൂപം നൽകാൻ സംവിധായകരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിംഗർ, തണ്ടർബാൾ, യു ഒൺലി ലിവ് ട്വൈസ്, ഡയമണ്ട്സ് ആർ ഫോർ എവർ, നെവർ സേ നെവർ എഗെയിൻ, ഡയമണ്ട്സ് ആർ ഫോർ എവർ, നെവർ സേ നെവർ എഗെയിൻ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ബോണ്ട് സിനിമകൾ. പണം വാരിയ ബോണ്ട് സിനിമകൾ കോണറിയയെും കോടീശ്വരനാക്കി.
ആൽഫ്രഡ് ഹിച്ച്കോക്കിന്റെ മാർനീ, ദ വിൻഡ് ആൻഡ് ദ ലയൺ, ജോൺ ഹസ്റ്റണിന്റെ ദ മാൻ ഹു വുഡ് ബി കിംഗ്, സ്റ്റീവൻ സ്പീൽ ബർഗിന്റെ ഇൻഡ്യാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ്, ജോൺബൂർമാന്റെ ഫാന്റസി ചിത്രം സാർദോസ് തുടങ്ങിയവ കോണറിയുടെ വിഖ്യാത സിനിമകളാണ്.