
ലക്‌നൗ: ലൗ ജിഹാദ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വിശദമാക്കിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്.
സ്വത്വം മറച്ചുവച്ച് നമ്മുടെ സഹോദരിമാരുടെ അഭിമാനവുമായി കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ നിങ്ങളുടെ പാത ശരിയാക്കിയില്ലെങ്കില്‍ നടപടിയുണ്ടാവും. നമ്മുടെ പെണ്‍കുട്ടികളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
അടുത്തിടെ വിവാഹിതരായ ദമ്പതികളുടെ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് കോടതി തള്ളിയിരുന്നു. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാനായി മതം മാറിയ മുസ്ലിം യുവതിയുടേയും ഭര്‍ത്താവിന്റേതുമായിരുന്നു ഹര്‍ജി. ലൗ ജിഹാദിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കത്തിലാണ് യു പി സര്‍ക്കാര്‍. നിര്‍ബന്ധിച്ചുള്ള മതംമാറ്റം ക്രൂരതയാണ് എന്ന് വ്യക്തമാക്കിയാണ് ഈ നടപടികള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിര്‍ബന്ധിച്ചുള്ള മതം മാറ്റം നിര്‍ത്തലാക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ യോഗി ആദിത്യനാഥിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.