rajnath-singh

ന്യൂഡൽഹി: ഇന്ത്യൻ സെെനികരുടെ ധീരതയെ ചോദ്യം ചെയ്ത കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിലെ 1200 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്. ഇന്ത്യ-ചെെന വിഷയത്തിൽ കോൺഗ്രസ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.

"ചില രാഷ്ട്രീയ പാർട്ടികൾ .. കോൺഗ്രസ് ... നമ്മുടെ ജവാൻമാരുടെ ധൈര്യത്തെ ചോദ്യം ചെയ്യുന്നു. 1200 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് അവർ പറയുന്നു. ഞാൻ ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ അവർക്ക് സ്വന്തം മുഖം രക്ഷിക്കാനാകില്ല. 1962 മുതൽ 2013 വരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാൽ നിങ്ങൾക്ക് ഇത് മനസിലാകും. പ്രതിരോധമന്ത്രിയെന്ന നിലയിൽ ഇന്ത്യൻ സെെനികരുടെ ധീരതയിൽ ഞാൻ അഭിമാനിക്കുന്നു." പാട്നയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജ്നാഥ് സിംഗ് പറഞ്ഞു.

ബീഹാർ തിരഞ്ഞെടുപ്പിൽ ഇന്ത്യ-ചെെന സംഘർഷം നിരവധി തവണ ചർച്ചാവിഷയമായിരുന്നു. ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കടന്ന് പാങ്കോംഗ് തടാകത്തിന്റെ വടക്കൻ കരയിലെ ഫിംഗർ 2, 3 സ്ഥാനങ്ങൾ കൈവശപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്നാഥ് സിംഗിന്റെ വിമർശനം.