charles-etienne-gudin

2019 ജൂലായ് മാസത്തിൽ റഷ്യയിലെ ഒരു സിറ്റി പാർക്കിലെ പഴയ ഡാൻസ് ഫ്ലോറിന് അടിയിൽ നിന്നും 200 വർഷം പഴക്കമുള്ള ഒരു അസ്ഥികൂടം കണ്ടെത്തി. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബൊണപ്പാർട്ടിന്റെ സൈന്യത്തിലെ ജനറലും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളുമായിരുന്ന ചാൾസ് എറ്റെയിൻ ഗുഡിന്റേതായിരുന്നു അസ്ഥികൂടം.

മോസ്കോയിൽ നിന്നും 250 മൈൽ പടി‌ഞ്ഞാറുള്ള സ്‌മോലെൻസ്‌ക് നഗരത്തിൽ ഫ്രഞ്ച് - റഷ്യൻ ആർക്കിയോളജിസ്‌റ്റ് സംഘം നടത്തിയ ഖനനത്തിനിടെയാണ് ഗുഡിന്റെ അസ്ഥികൂടം കണ്ടെത്തിയത്.

1812ൽ നെപ്പോളിയന്റെ സേന റഷ്യയുമായി നടത്തിയ വാലുറ്റിനോ യുദ്ധത്തിനിടെ 44ാം വയസിൽ പീരങ്കിയുണ്ട ഇടിച്ചതാണ് ഗുഡിന്റെ മരണത്തിനിടയാക്കിയത്. അപകടത്തിൽ ഗുഡിന്റെ ഒരു കാൽ വിച്‌ഛേദിക്കപ്പെട്ടു. മുറിവ് ജീർണിച്ചതോടെ മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു മരണം. ഗവേഷകർ കണ്ടെടുത്ത അസ്ഥികൂടത്തിനും ഒറ്റക്കാലാണുണ്ടായിരുന്നത്. മരണ ശേഷം ഗുഡിന്റെ ഹൃദയം ഫ്രാൻസിലേക്ക് കൊണ്ടു പോയിരുന്നെങ്കിലും ശരീരഭാഗം റഷ്യയിൽ തന്നെയാണ് സംസ്‌കരിച്ചത്.

നെപ്പോളിയന്റെ സൈന്യത്തിലെ മാർഷൽ ആയിരുന്ന ലൂയിസ് - നിക്കോളാസ് ഡേവൗട്ടിന്റെ ഓർമക്കുറിപ്പുകളിൽ ഗുഡിനെ അടക്കിയ പ്രദേശത്തെ പറ്റി പരാമർശമുണ്ടായിരുന്നു. ഇതാണ് ഗവേഷകർക്ക് സഹായമായത്. ഗുഡിന്റെ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ഡേവൗട്ട് ആയിരുന്നു. നാല് പീരങ്കി ബാരലുകളാൽ നിർമിച്ച ഒരു കല്ലറയാണ് ഗുഡിന്റേതെന്നും ഡേവൗട്ട് പറ‌യുന്നുണ്ട്