
ഷാർജ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 5 വിക്കറ്റിന് കീഴടക്കി സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിറുത്തി. ആദ്യം ബാറ്ര് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (121/5). വൃദ്ധിമാൻ സാഹ (32 പന്തിൽ 39), മനീഷ് പാണ്ഡെ (19 പന്തിൽ 26), ജാസൺ ഹോൾഡർ (10 പന്തിൽ 26) എന്നിവർ ഹൈദരബാദിന്റെ ചേസിംഗ് അനായാസമാക്കി.
നേരത്തേ ഇൻഫോം ബാറ്റ്‌സ്‌മാൻ ദേവ്ദത്ത് പടിക്കലിനേയും (5), ക്യാപ്ടൻ വിരാട് കൊഹ്‌ലിയേയും (7) നിലയറപ്പിക്കും മുൻപേ തിരിച്ചയച്ച സന്ദീപ് ശർമ്മയാണ് ബാംഗ്ലൂരിനെ പിടിച്ചു കെട്ടിയത്. ജോഷ്വാ ഫിലിപ്പെ (34) എ ബി ഡിവില്ലിയേഴ്സ് (24), വാഷിംഗ്ടൺ സുന്ദർ (21) എന്നിവർക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്.
ഹൈദരാബാദിനായി സന്ദീപ് ശർമ്മയും ജാസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.