
ബീജിംഗ്: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച പന്നിയിറച്ചി പാക്കേജിംഗിൽ കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന സ്ഥിരീകരണവുമായി ചൈന. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഒരു ജില്ലയില്‍ എത്തിച്ചുകിട്ടിയ പന്നിയിറച്ചിയുടെ പാക്കിംഗിലാണ് കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഇവിടുത്തെ പ്രാദേശിക സര്‍ക്കാര്‍ പറയുന്നത്.
വെയിഹായ് നഗരത്തിലെ വെന്‍ഡെംഗ് ജില്ലയിലെ താമസക്കാര്‍ പന്നിയിറച്ചി വാങ്ങിയിട്ടുണ്ടാകാം എന്നും ഇതിന്റെ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കണമെന്നും പ്രാദേശിക സര്‍ക്കാര്‍ പുറത്തിയിറക്കിയ അറിയിപ്പില്‍ പറയുന്നുണ്ട്. എന്നാൽ ശീതീകരിച്ച പന്നി മാംസം ഏത് ബ്രസീലിയന്‍ കമ്പനിയില്‍ നിന്നാണ് ഇവിടേക്ക് എത്തിയതെന്ന് കാര്യം ചൈന പുറത്തുവിട്ടിട്ടില്ല.
2019ന്റെ അവസാനത്തിൽ ചൈനയിൽ നിന്നുമാണ് കൊവിഡ് വൈറസ് രോഗം മറ്റ് രാജ്യങ്ങളിലേക്ക് പരക്കുന്നത്. ലോകത്തിലാദ്യമായി തായ്‌ലാന്റിലാണ് കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ശേഷം ഇന്ത്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങളിലേക്ക് കൊവിഡ് എത്തുകയായിരുന്നു.