france

പാരിസ്: ഫ്രാൻസിൽ ഭീകരാക്രമണത്തിന് പിന്നാലെ കൂടുതൽ കലാപങ്ങൾ അരങ്ങേറുകയാണ്. ലിയോൺ നഗരത്തിൽ ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതനെ വെടിവച്ച് പരിക്കേൽപ്പിച്ചു. പള്ളിയിലേക്ക് കടന്നു കയറിയ അക്രമി പുരോഹിതനുനേരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ പരിക്കേറ്റ പുരോഹിതന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

പള്ളി അടച്ചു പുറത്തിറങ്ങിയ പുരോഹിതന് നേരെ വെെകുന്നേരം നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്. രണ്ട് തവണ വെടിയേറ്റ പുരോഹിതന്റെ സ്ഥിതി അതീവഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെടിവച്ച ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായും ഫ്രഞ്ച് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ഫ്രാൻസിൽ സമാന സംഭവം നടന്നുവരികെയാണ്. ദിവസങ്ങൾക്ക് മുമ്പ് പള്ളിയിൽവച്ച് ഒരു സ്ത്രീയുൾപ്പെടെ രണ്ട് പേരെ തലയറുത്തു കൊലപ്പെടുത്തിയിരുന്നു.

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്കൂളിലെ അദ്ധ്യാപകനെ മുഹമ്മദ് നബിയുടെ കാർട്ടൂൺ കാണിച്ച് പഠിപ്പിച്ചുവെന്ന്ചൂ ണ്ടിക്കാട്ടി യുവാവ് തലയറുത്തു കൊലപ്പെടുത്തിയിരുന്നു. സ്കൂളിന് പുറത്തുവച്ചാണ് പ്രതി അദ്ധ്യാപകനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഭീകരാക്രമണത്തിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിലപാടെടുത്തിരുന്നു. തുടർന്ന് ഫ്രാൻസിനെതിരെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ പ്രക്ഷോഭമുയർത്തിയിരുന്നു. കലാപ സാദ്ധ്യത കണക്കിലെടുത്ത് ഫ്രഞ്ച് ജനതയ്ക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.