modi

ഇസ്ലാമാബാദ്: ജമ്മു കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന്റെ പങ്കു പാകിസ്ഥാൻ ഏറ്റെടുത്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന നിരസിച്ച് പാകിസ്ഥാൻ. ഫവാദ് ചൗധരിയുടെ പരാമർശങ്ങൾ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.പുൽവാമ ആക്രമണത്തിന് പിന്നിലെ സത്യം വെളിപ്പെട്ടുവെന്ന് മോദി പറഞ്ഞതിന് മറുപടിയായാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.

"പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം അയൽരാജ്യങ്ങൾ അവരുടെ പാർലമെന്റിൽ അംഗീകരിച്ചു. രാജ്യത്തിന്റെ ഈ വിഷമ ഘട്ടത്തിൽ പോലും വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് തിരിയുന്ന ആളുകളുടെ യഥാർത്ഥ സ്വഭാവം വെളിപ്പെട്ടു. രാജ്യത്തിന്റെ താൽപര്യാർത്ഥം ഇത്തരം രാഷ്ട്രീയ പ്രവർത്തികൾ ചെയ്യരുതെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു." പ്രതിപക്ഷത്തെ ലക്ഷ്യമിട്ടു മോദി പറഞ്ഞു.

പുൽവാമയിലെ വിജയം പാകിസ്ഥാന്റെ വിജയമെന്ന് പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി ദേശീയ അസംബ്ലിയിൽ പറഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി മോദി പറഞ്ഞത്. "ഇന്ത്യയെ ഞങ്ങൾ അവരുടെ തട്ടകത്തിൽ കയറി അടിച്ചു. പുൽവാമയിലെ ഞങ്ങളുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്." ഫവാദ് ചൗധരി ദേശീയ അസംബ്ലിയിൽ പറഞ്ഞു.

2019 ഫെബ്രുവരി 14 നാണ് പുൽവാമയിൽ സി.ആർ‌.പി‌.എഫ് സൈനികർക്ക് നേരെ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ശ്-ഇ-മുഹമ്മദ് ചാവേർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.