stand
സ്വകാര്യ ബസ് സ്റ്റാന്റിലെ അനധികൃത കെട്ടിടം നഗരസഭ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ സ്വകാര്യവ്യക്തി ബസ് സ്റ്റാന്റിന്റെ
മദ്ധ്യത്തിൽ നടത്തിയ അനധികൃത നിർമ്മാണം തിരൂരങ്ങാടി നഗരസഭ പൊളിച്ചുനീക്കി. ഗതാഗതതടസം സൃഷ്ടിക്കുന്നതിനാലാണ് ഇന്നലെ രാവിലെ പത്തിന് ജെ.സി.ബി ഉപയോഗിച്ച് നിർമ്മാണം നീക്കിയത്.
13 വർഷം മുമ്പ് തിരൂരങ്ങാടി പഞ്ചായത്തായിരുന്ന സമയത്ത് തന്നെ ഉടമയോട് കെട്ടിടം പൊളിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമ ഹൈക്കോടതിയെ സമീപിച്ചു. അനധികൃത കെട്ടിടമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ
മാർച്ച് മൂന്നിന് കോടതി ഉത്തരവിട്ടു. കെട്ടിടത്തിലെ കച്ചവടക്കാർ ഒഴിഞ്ഞുപോവാൻ നഗരസഭയോട് സാവകാശം ആവശ്യപ്പെട്ടിരുന്നു. ജൂണിൽ ഒഴിയാഞ്ഞതിനെ തുടർന്ന് വീണ്ടും സമയം കൊടുത്തു. എന്നിട്ടും അനങ്ങാഞ്ഞതിനെ തുടർന്നാണ് നടപടി.