
മലപ്പുറം: ടാക്സിലെ ഇളവ് ഈ മാസം മുതൽ പിൻവലിച്ചതോടെ ജില്ലയിൽ കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നിറുത്തും. ഇത് യാത്രാ പ്രതിസന്ധി രൂക്ഷമാക്കും. സർവീസ് താത്കാലികമായി അവസാനിപ്പിക്കുന്നതിന് 200ഓളം ബസുകൾ കൂടി ജിഫോം സമർപ്പിച്ചതായാണ് വിവരമെന്ന് ബസ്സുടമ സംഘടനകൾ പറയുന്നു. ലോക്ക് ഡൗണിന് ശേഷം യാത്രക്കാർ തീർത്തും കുറഞ്ഞതോടെ ആറുമാസത്തേക്ക് സർക്കാർ ടാക്സ് ഒഴിവാക്കിയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം ആയിരം പിന്നിട്ടതിന് പിന്നാലെ യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതായി ബസ് ജീവനക്കാർ പറയുന്നു. ലോക്ക്‌ഡൗണിന് ശേഷം സെപ്തംബറിൽ താരതമ്യേനെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിരുന്നു. മൂന്നൂറിന് താഴെ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ മാസമിത് 500നും 600നും ഇടയിലായിരുന്നു. ജില്ലയിൽ ആകെ 1,200ഓളം ബസുകളാണുള്ളത്. രോഗികളുടെ എണ്ണം വർദ്ധിച്ചതിനൊപ്പം ടാക്സ് ഈടാക്കുന്നതിലെ അവ്യക്തത മൂലവും ഈമാസം സർവീസുകൾ കൂടുതൽ നഷ്ടം വരുത്തുമെന്ന വിലയിരുത്തലിലാണ് ബസ്സുടമകൾ.
കൊവിഡിന് ശേഷം ഏറ്റവും കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയതും സെപ്തംബറിലായിരുന്നു. തൊഴിലാളികൾക്കുള്ള ബത്തയും ചെലവും കഴിച്ച് ചെറിയ വരുമാനം ലഭിച്ച് തുടങ്ങിയിരുന്നു. കൊവിഡിന് ശേഷം ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ജീവനക്കാരായുള്ളത്. കളക്‌ഷനൊപ്പം ബത്തയും കുറഞ്ഞിട്ടുണ്ട്. ഡ്രൈവർക്ക് ശരാശരി 350 രൂപയും കണ്ടക്ടർക്ക് 300 രൂപയുമാണ് ലഭിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും സർവീസുകൾ മുടക്കാത്തത്. ബസുകൾ കൂടുതൽ കാലം നിറുത്തിയിട്ടാൽ എൻജിൻ, ബാറ്ററി, ടയർ തുടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യതയുമുണ്ട്.
ആളെ വിളിച്ചുകയറ്റി കെ.എസ്.ആർ.ടി.സി
കൊവിഡിന് പിന്നാലെ സർവീസും വരുമാനവും കുറഞ്ഞതോടെ യാത്രക്കാരെ ബസിലേക്ക് വിളിച്ചുകയറ്റുകയാണ് കെ.എസ്.ആർ.ടി.സി. ഇതിനായി ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ മഞ്ചേരി, നിലമ്പൂർ, ചങ്കുവെട്ടി, പെരിന്തൽമണ്ണ ബസ് സ്റ്റാന്റുകളിൽ ഇതിനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
"ബസ് മേഖല വലിയ തളർച്ചയിലാണ്, യാത്രക്കാരുടെ എണ്ണം കൂടുന്നില്ല. കൊവിഡ് പ്രതിദിനം ആയിരം കടന്നതോടെ യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. ഈമാസത്തെ ടാക്സ് സർക്കാർ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് മിക്ക ബസുകളും സർവീസ് നടത്തുന്നത്."
ഹംസ എരിക്കുന്നൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ