nnnn
ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്ലാസ്മ നൽകുന്നു

മലപ്പുറം: കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ രക്ഷിക്കാൻ പ്ലാസ്മ ദാനം ചെയ്ത് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും സഹപ്രവർത്തകരും. അസിസ്റ്റന്റ് കളക്ടർ വിഷ്ണുരാജ്, ഗൺമാൻ ടി. വിനു, ഡ്രൈവർ കെ.എം പ്രസാദ് എന്നിവരും കളക്ടർക്കൊപ്പം സ്വയം സന്നദ്ധരായി മഞ്ചേരി മെഡിക്കൽ കോളേജിലെത്തി പ്ലാസ്മ നൽകി.
ആഗസ്റ്റ് 14നാണ് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. 22ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയിൽ കാറ്റഗറി സി ടൈപ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് അതിജീവിച്ചവരെല്ലാം പ്ലാസ്മ നൽകാൻ സന്നദ്ധരാവണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

കൊവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കൊവിഡ് വിമുക്തരുടെ പ്ലാസ്മയിൽ നിന്ന് ലഭ്യമാവും. കൊവിഡ് ഭേദമായി 28 ദിവസം മുതൽ നാലുമാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വർഷം വരെ സൂക്ഷിച്ച് വയ്ക്കാനാവും. പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കൊവിഡ് വിമുക്തരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.

ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ നടത്തിയ ചടങ്ങിലാണ് ഇവർ പ്ലാസ്മ നൽകിയത്. സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീന ലാൽ, ഡോ. ഇ. അഫ്സൽ, നോഡൽ ഓഫീസർ ഡോ. പി. ഷിനാസ് ബാബു, ആർ.എം.ഒ സഹീർ നെല്ലിപ്പറമ്പൻ, ഡോ.പ്രവീണ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.