
മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റിയിട്ട് വർഷം ഏഴ് കഴിഞ്ഞു. ജനറൽ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് എന്നെഴുതി ചേർത്തപ്പോൾ സാധാരണക്കാർ കരുതിയിരുന്നില്ല, ഇതിത്ര വിനയാകുമെന്ന്. മലപ്പുറത്തിനൊരു മെഡിക്കൽ കോളേജ് എന്ന വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു ഏവരും. പകരം ഇല്ലാതായത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയും പണി പൂർത്തിയാക്കിയ 300 കിടക്കകളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുമായിരുന്നു എന്നത് അധികൃതരും രാഷ്ട്രീയ നേതൃത്വവും മന:പ്പൂർവം മറച്ചുപിടിച്ചു. ജില്ലയ്ക്ക് ഒരു അധിക സംവിധാനമായി മെഡിക്കൽ കോളേജ് മാറേണ്ടതിന് പകരം ആരോഗ്യ സേവന വിഭാഗത്തിലെ രണ്ട് ആശുപത്രികൾ നഷ്ടപ്പെടുന്ന അവസ്ഥ ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇരട്ട ഗർഭസ്ഥ ശിശുക്കളെ നഷ്ടമായ അമ്മയാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇര. മാദ്ധ്യമപ്രവർത്തകന്റെ കുടുംബത്തിനുണ്ടായ ഈ ദുരന്തം അതിവേഗം പുറംലോകമറിഞ്ഞു. എന്നാൽ ഇരട്ടകുട്ടികളെ നഷ്ടമായ അമ്മമാർ ഒന്നല്ല, രണ്ടുപേരാണ്. അതും നാലുമാസത്തെ ഇടവേളയിൽ. വള്ളിക്കുന്ന് സ്വദേശികളായ അരുൺ -മീനു ദമ്പതികളുടെ അഞ്ച് മാസമായ ഗർഭസ്ഥ ശിശുക്കളുടെ ജീവനാണ് അധികൃതരുടെ കടുത്ത അനാസ്ഥയിൽ ഇല്ലാതായത്. ചികിത്സയിലെ അനാസ്ഥകളും പിഴവുകളും മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പലവട്ടം ഉയരുമ്പോഴും പലതും പുറംലോകമറിയാറില്ല. നഷ്ടങ്ങളെ മനസിൽ നീറ്റലാക്കി ജീവിക്കുകയാണ് ഇരകൾ.
ജനസംഖ്യയിൽ സംസ്ഥാനത്ത് മുന്നിലുള്ള മലപ്പുറം പൊതുജനാരോഗ്യ സംവിധാനങ്ങളിൽ ഏറെ പിന്നിലാണ്. വിദഗ്ദ്ധ ചികിത്സയ്ക്ക് മഞ്ചേരി ജനറൽ ആശുപത്രി ആയിരുന്നു ഏക ആശ്രയം. ഇതാണ് മെഡിക്കൽ കോളേജാക്കി മാറ്റിയത്. ചികിത്സാ സംവിധാനങ്ങളുടെ പരിമിതിയിൽ വീർപ്പ് മുട്ടുന്നതിനിടയിലാണ് മെഡിക്കൽ കോളേജിനായി അധിക സൗകര്യങ്ങൾ ഒരുക്കേണ്ടതിന് പകരം മഞ്ചേരി ജനറൽ ആശുപത്രി, ജനങ്ങളിൽ നിന്ന് പിരിവെടുത്ത് കെട്ടിടമുണ്ടാക്കിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയുടെ ബോർഡുകൾ മാറ്റി മെഡിക്കൽ കോളേജാക്കിയത്. ജനറൽ ആശുപത്രി പുതുതായി നിർമ്മിക്കാൻ 2014ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളേജ് കൊവിഡ് രോഗികൾക്ക് മാത്രമാക്കിയതോടെ പ്രസവവും ശസ്ത്രക്രിയകളടക്കമുള്ള മറ്റു കൊവിഡേതര ചികിത്സകൾ തീർത്തും പ്രതിസന്ധിയിലാണ്.
അറ്റാക്ക് വന്നാലും നെട്ടോട്ടമോടണം
നെഞ്ച് വേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയ രോഗിയുടെ ബന്ധുക്കളോട് അധികൃതർ പറഞ്ഞത് കൊവിഡ് ആശുപത്രിയായതിനാൽ ചികിത്സിക്കാൻ പറ്റില്ലെന്ന്. ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉന്നയിച്ച് സ്വകാര്യ ആശുപത്രികളൊന്നും അഡ്മിറ്റിന് തയ്യാറാവുന്നില്ലെന്ന് പറഞ്ഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോവാനായിരുന്നു അധികൃതരുടെ നിർദ്ദേശം. മഞ്ചേരിയിൽ നിന്ന് 50 കിലോമീറ്റർ പിന്നിട്ടുവേണം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്താൻ. ഗുരുതര രോഗികളെയും കൊണ്ട് ഇവിടെ എത്തുമ്പോഴേക്കും വിലപ്പെട്ട ജീവൻ നഷ്ടമായിരിക്കും. ജില്ലയിലെ ഏറ്റവും വലിയ ചികിത്സാ സംവിധാനം പൂർണമായി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ ഏഴ് മാസത്തോളമായി അത്യാഹിത രോഗികൾ പോലും വിദഗ്ദ്ധചികിത്സ കിട്ടാതെ നെട്ടോട്ടമോടുകയാണ്.
മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രമാണ് മെഡിക്കൽ കോളേജുകൾ പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. എറണാകുളത്ത് ജനറൽ, ജില്ലാ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളുമുള്ളതിനാൽ ഇക്കാര്യം പ്രതിസന്ധിയുണ്ടാക്കുന്നില്ല. എന്നാൽ മലപ്പുറത്ത് സർക്കാർ മേഖലയിൽ മറ്റ് ആശുപത്രികളില്ല. താലൂക്ക് ആശുപത്രികളായിരുന്ന നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ എന്നിവയെ ജില്ലാ ആശുപത്രികളാക്കി മാറ്റിയിട്ടുണ്ടെങ്കിലും പേരിൽ മാത്രമാണ് ഈ മാറ്റമെന്നതിനാൽ വിദഗ്‌ദ ചികിത്സയ്ക്ക് മഞ്ചേരിയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളില്ല. കൊവിഡ് പേടിയിൽ സ്വകാര്യ ആശുപത്രികൾ രോഗികളെ അഡ്മിറ്റ് ചെയ്യാനും തയ്യാറാവുന്നില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണം ആവശ്യമായ രോഗികളെ മാത്രം പ്രത്യേകമായി ഒരു ബ്ലോക്കിൽ കിടത്തി ചികിത്സിക്കാൻ സൗകര്യമൊരുക്കി പ്രസവമടക്കമുള്ള കൊവിഡേതര ചികിത്സ മറ്റു ബ്ലോക്കുകളിൽ പുനരാരംഭിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്നും ഇരട്ട കുട്ടികളുടെ മരണം അവഗണനയുടെ ഒരു പ്രതീകമാണെന്നും കെ.ജി.എം.ഒ.എ മഞ്ചേരി ജി.എച്ച്. യൂണിറ്റ് കൺവീനർ ഡോ. എം.അബ്ദുൽ ഗഫൂർ പറയുന്നു.
വീർപ്പുമുട്ടി ഗൈനക് വിഭാഗം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവ ചികിത്സ നടന്നിരുന്ന ആശുപത്രിയാണ് മഞ്ചേരി മെഡിക്കൽ കോളേജ്. കൊവിഡിന് മുമ്പ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്യുന്നവർ തറയിലും വരാന്തയിലും കിടക്കുന്നത് പുതുമയല്ലാത്ത കാഴ്ച്ചയായിരുന്നു. ഗൈനക്ക്, നഴ്സുമാർ അടക്കമുള്ള ജീവനക്കാരുടെയും കുറവ് കാലങ്ങളായി പരിഹരിക്കുന്നില്ല. കൊവിഡ് പോസിറ്റീവായ ഗർഭിണികളുടെ ചികിത്സാ വിഭാഗത്തിൽ ഗൈനക് ഡോക്ടർമാരുടെ കുറവ് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. 50 ബെഡുള്ളത് 125 ആക്കി ഉയർത്തിയെങ്കിലും ഡോക്ടർമാരുടെ കുറവ് പരിഹരിച്ചില്ല. 12 സിനിയർ റസിഡന്റ്‌സുമാരും, എട്ട് അസിസ്റ്റന്റ് പ്രൊഫസർമാരും, മൂന്ന് അസോസിയേറ്റ് പ്രൊഫസർമാരും വേണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ആരോഗ്യ വകുപ്പിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചിലേറെ യുവതികൾക്കാണ് മഞ്ചേരി മെഡിക്കൽ കോളേജിൽവെച്ച് കുഞ്ഞുങ്ങളെ നഷ്ടമായത്. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനായില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചേക്കും. ഡോക്ടർമാർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ ഉറപ്പാക്കുന്നതിനൊപ്പം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ഇതര ചികിത്സ കൂടി തുടങ്ങിയാൽ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാനാവൂ.