vayal

തിരൂരങ്ങാടി: വയലുകൾ കാടുപിടിച്ച് തിരൂരങ്ങാടിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നെന്ന് പരാതി. ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന വെഞ്ചാലി വയലോരങ്ങളിൽ പലയിടത്തും കാട് മൂടിക്കിടക്കുന്നതിനാൽ തെരുവ് നായകൾ, കുറുക്കൻ എന്നിവയ്ക്ക് താവളമാകുന്നു. വയലുടമകൾ കാട് വെട്ടാൻ തയ്യാറായാൽ തെരുവുനായകളും കുറുക്കന്റെ ശല്യവും കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്.

തിരൂരങ്ങാടി നഗരസഭയിലും നന്നമ്പ്ര പഞ്ചായത്ത് പരിധിയിലുമാണ് പ്രശ്നം രൂക്ഷം.
ഡസൻ കണക്കിന് തെരുവുനായ്ക്കളാണ് ചെമ്മാട് ടൗണിൽ ജനങ്ങൾക്ക് ഭീഷണിയായി വിലസുന്നത്. ഇവ വട്ടം ചാടി ബൈക്കപകടങ്ങളും സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. ഒറ്റയായും കൂട്ടത്തോടെയും ആളുകളെ തൊട്ടുരുമ്മി ഇവ കടന്നുപോകുന്നത് ടൗണിലെ സ്ഥിരം കാഴ്ചയാണ്.ഇവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുമുണ്ട്. താലൂക്ക് ആശുപത്രി, പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള ഓഫീസ് വളപ്പ്, പൊലീസ് ക്വർട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളാണ് നായ്ക്കളുടെ മറ്റു താവളങ്ങൾ. പലവകുപ്പുകളിൽ പിടിക്കപ്പെട്ട തൊണ്ടി വാഹനങ്ങൾക്കിടയിൽ പെറ്റുപെരുകുന്നവയുമുണ്ട്.

ബസ് സ്റ്റാൻഡിലും മറ്റും ഭീതിയോടെ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക് . താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്,സബ് ട്രഷറി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും തെരുവുനായ ഭീഷണി നേരിടുന്നുണ്ട്. താലൂക്ക് ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് പരിശോധനയ്ക്ക് വരുന്നവർക്കും
ആശുപത്രിയിൽ ഒ.പി വിഭാഗം , ഡയാലിസിസ് സെന്റർ, രോഗികളുടെ ഡ്രസുകൾ അലക്കിയിടുന്ന ഭാഗം , പാർക്കിംഗ് ഏരിയ, മോർച്ചറിയുടെ ഭാഗം എന്നിവിടങ്ങളിലും തെരുവുനായ ശല്യം ഏറെയാണ്. തെരുവുനായ്ക്കളുടെ ശല്യം തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.