 
വളാഞ്ചേരി: ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷന് സമീപം തൂതപ്പുഴയിൽ സ്ഥിരം തടയണ നിർമ്മിക്കണമെന്ന ആവശ്യം ശക്തം. എടയൂർ പഞ്ചായത്തിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചതിനാൽ വേനലിൽ കടുത്ത കുടിവെള്ള ക്ഷാമമുണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ ഇരിമ്പിളിയം പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലുമാണ് പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കുന്നത്.
ഇരിമ്പിളിയം പഞ്ചായത്തിലെ മേച്ചീരിപ്പറമ്പ് ഇടിയറക്കടവിലാണ് ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 120 കുതിരശക്തിയുള്ള രണ്ടു മോട്ടോറുകൾ പ്രവർത്തിപ്പിച്ചാണ് ഇരിമ്പിളിയം പഞ്ചായത്തിലെയും വളാഞ്ചേരി നഗരസഭയിലെയും വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. മഴക്കാലത്ത് മിക്ക ദിവസവും ഇവിടങ്ങളിലേക്ക് വെള്ളമെത്തുമെങ്കിലും വേനലിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് പമ്പിംഗ്.
വേനലിൽ തൂതപ്പുഴ വറ്റിവരളുന്നതുമൂലം പ്രദേശവാസികൾ വീടൊഴിഞ്ഞു മറ്റിടങ്ങളിലേക്ക് പോയ സംഭവം കഴിഞ്ഞ വർഷങ്ങളിലുണ്ടായി. ഇപ്പോൾ എടയൂർ പഞ്ചായത്തിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പൂക്കാട്ടിരിയിൽ 23 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം നടക്കുകയാണ്. വെള്ളം കൊണ്ടുപോവാനുള്ള പൈപ്പുകളും എത്തിച്ചു. 75 കോടി രൂപയാണ് പദ്ധതിച്ചെലവ്. വേനലിൽ തൂതപ്പുഴയിൽ വെള്ളം കുറയുന്നതിനാൽ മറ്റൊരു പഞ്ചായത്തിലേക്ക് കൂടി കുടിവെള്ളം കൊണ്ടുപോകാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ തൂതപ്പുഴയിൽ തിരുവേഗപ്പുറയിൽ സ്ഥിരം തടയണ നിർമ്മിച്ചാൽ ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷന് സമീപം വെള്ളമില്ലാത്ത സ്ഥിതിയാകും. അതിനാൽ പദ്ധതി പ്രദേശത്ത് സ്ഥിരം തടയണ നിർമ്മിക്കണമെന്നാണ് ആവശ്യം. ഇരിമ്പിളിയം പഞ്ചായത്ത് ഭരണസമിതി ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു.