edappal
എടപ്പാൾ പത്താംപടിയിലെ രമ്യ തന്റെ വീട്ടിൽ തയാറാക്കിയ കൊക്കോഡാമ ചെടികൾ

കുറ്റിപ്പുറം: ജപ്പാനിൽ തുടക്കം കുറിച്ച കൊക്കോഡാമ എന്ന ഗാർഡനിംഗ് രീതിക്ക് ജില്ലയിലും പ്രിയമേറുന്നു. ലോക്‌ഡൗണിന് ശേഷം പൂന്തോട്ട നിർമ്മാണത്തിൽ താത്പര്യം വർദ്ധിച്ചതോടെ വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുകയാണ് വീട്ടമ്മമാർ. കനംകുറഞ്ഞ ചെടികളാണ് കൊക്കോഡാമ രീതിയിൽ വളർത്തുന്നത്. ഇവ വീടിനകത്തും പുറത്തും ഒരുപോലെ വളർത്താവും. ചരടിൽ തൂക്കിയിടുന്നതിനാൽ ഈ രീതിയെ സ്ട്രിംഗ് ഗാർഡനിംഗെന്നും വിളിക്കുന്നുണ്ട്. ചെറിയ താൽപര്യവും സമയവും ക്ഷമയുമുണ്ടെങ്കിൽ ആർക്കും ഈ രീതിയിൽ ചെടി വളർത്താവുമെന്ന് കൊക്കോഡാമ ഗാർഡനിംഗ് ചെയ്യുന്ന എടപ്പാൾ പത്താംപടിയിലെ രമ്യ പറയുന്നു.

ആദ്യം മണ്ണും ചകിരച്ചോറും ചാണകപ്പൊടിയും ചേർത്തു കുഴയ്ക്കുക. ചെറിയ നനവോടെ അത് ഉരുട്ടിയെടുക്കണം. പിന്നീട് ഇതിന്റെ മദ്ധ്യഭാഗം പൊട്ടിച്ച് ചെടിയിറക്കി വീണ്ടും ഉരുട്ടിയെടുക്കണം. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊട്ടിപ്പോവാൻ സാദ്ധ്യതയുണ്ട്. കൂടാതെ കനംകുറഞ്ഞ ചെടികളാണ് ഈ രീതിയിൽ വളർത്തുക. ഇങ്ങനെ ചെടിവെച്ച് ഉരുട്ടിയെടുക്കുന്ന ഇവ പിന്നീട് കോട്ടൻ തുണി കൊണ്ട് പൊതിയണം. ശേഷം നൂൽ കൊണ്ട് ചുറ്റിവരിഞ്ഞ് മുറുക്കിക്കെട്ടണം. ഈ സമയം തന്നെ തൂക്കി ഇടാനുള്ള വള്ളികൂടി പുറത്തേക്ക് നീട്ടിയിടാം. നല്ലവണ്ണം കെട്ടി ഉറപ്പിച്ചാൽ ഈ മിശ്രിതം നല്ല ബലത്തിലിരിക്കും. ഇതിനുശേഷം പായൽ പേസ്റ്റ് രൂപത്തിൽ പുറത്ത് തേച്ചുകൊടുക്കണം. സ്‌പ്രേയർ ഉപയോഗിച്ച് ദിവസവും നനച്ചാൽ മനോഹരമായി വളരും.