police

മലപ്പുറം: നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ നാല് കേസുകളിലായി ഇന്നലെ 22 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം അറിയിച്ചു. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കൽപകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതിന് 828 പേർക്കെതിരെ പൊലീസ് കേസെടുത്ത് 1,65,600 രൂപ പിഴ ഈടാക്കി. സാമൂഹിക അകലം പാലിക്കാത്ത 133 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 26,600 രൂപയാണ് സാമൂഹിക അകലം പാലിക്കാത്ത സംഭവത്തിൽ പിഴ ഈടാക്കിയത്. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവർക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ പൊലീസ് കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.