manjeri

മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വലിയ തോതിൽ വർദ്ധിക്കുന്നതിനാൽ ഇനി ഗുരുതര രോഗികളെ മാത്രമാവും മ‌ഞ്ചേരി മെഡിക്കൽ കോളേജിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. കൂടുതൽ രോഗലക്ഷണങ്ങളുള്ള ബി കാറ്റഗറിയിൽപ്പെടുന്ന രോഗികളെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലാവും (സി.എഫ്.എൽ.റ്റി)​ പ്രവേശിപ്പിക്കുക. ഗുരുതര രോഗികൾക്ക് കൂടുതൽ ശ്രദ്ധയേകുന്നതിന്റെ ഭാഗമായാണ് ഈമാറ്റം. നേരത്തെ ചെറിയ ലക്ഷണങ്ങളുള്ളവരെ സി.എഫ്.എൽ.ടികളിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ഇനിയിവർക്ക് വീടുകളിലാവും ചികിത്സ.

വീട്ടിൽ കഴിയുന്നവരുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി പാനലുണ്ടാക്കും. ഇതിനായി ഓരോ താലൂക്കിലും നോഡൽ ഓഫീസറുണ്ടാവും. ഇവരുടെ കീഴിലാവും പാനൽ പ്രവർത്തിക്കുക. വീടുകളിലിരിക്കുന്ന രോഗികളുടെ ചികിത്സയിൽ മെഡിക്കൽ ഓഫീസർമാ‌ർക്ക് എന്തെങ്കിലും സംശയങ്ങളുണ്ടായാൽ പാനലിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സഹായം തേടാനാവും. ആശുപത്രിയിലേക്ക് മാറ്റുന്നതടക്കം പാനലിന്റെ അഭിപ്രായമറിഞ്ഞ ശേഷമാവും തീരുമാനിക്കുക.

കെട്ടിക്കിടന്ന് സാമ്പിളുകൾ
ആർ.ടി.പി.സി.ആർ ടെസ്റ്റിന് നൽകുന്ന സാമ്പിളുടെ ഫലം ലഭിക്കുന്നതിന് ജില്ലയിൽ വലിയ കാലതാമസം നേരിടുന്നുണ്ട്. രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചതോടെയാണിത്. അഞ്ച് ദിവസം മുമ്പ് 6,055 പേരുടെ സാമ്പിളുകളാണ് ലഭിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഇന്നലെയിത് 8,​803 ആയി ഉയർന്നു. നേരത്തെ ദിവസം ശരാശരി അ‌ഞ്ഞൂറിന് താഴെയായിരുന്നു. ജില്ലയിൽ 23 ബ്ലോക്കുകളിലും ആറ് മൊബൈൽ വാഹനങ്ങളിലുമായി സാമ്പിൾ കളക്‌ഷൻ സൗകര്യങ്ങളുണ്ടെങ്കിലും മ‌ഞ്ചേരി മെഡിക്കൽ കോളേജിൽ മാത്രമാണ് പരിശോധനാ ലാബുള്ളത്.

നൂറ് പേരെ ടെസ്റ്റ് ചെയ്യുമ്പോൾ വളരെ വലിയ നമ്പർ പൊസിറ്റീവായി കിട്ടുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ കൂടുതൽ സീരിയസായ രോഗികളെ മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാനാവൂ. മറ്റുള്ളവരുടെ ചികിത്സയ്ക്കായി വിപുലമായ സംവിധാനങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.

ഡോ. കെ.സക്കീന,​ ജില്ലാ മെഡിക്കൽ ഓഫീസർ