kuttipram
സോപാനം സ്‌കൂൾ ഒഫ്​ പഞ്ചവാദ്യത്തിലെ കലാകാരന്മാർ വാദ്യോപകരണ നിർമ്മാണത്തിനിടെ

കുറ്റിപ്പുറം : കൊവിഡിൽ പരിപാടികളും വരുമാനവും നഷ്ടമായതോടെ തത്കാലം വാദ്യോപകരണ നിർമ്മാണ രംഗത്തേക്ക് ചുവടുമാറ്റി ഒരുപറ്റം വാദ്യകലാകാരന്മാർ. സീസൺ സമയത്ത് ആരംഭിച്ച പ്രതിസന്ധി ഉടൻ തീരുമെന്ന പ്രതീക്ഷ നഷ്ടമായതോടെയാണ്

എടപ്പാളിലെ സോപാനം സ്‌കൂൾ ഒഫ് പഞ്ചവാദ്യത്തിലെ കലാകാരൻമാരായ സുധീഷ് ആലങ്കോട്, മുരളി കണ്ടനകം, അജിത്ത്, അപ്പുണ്ണി കണ്ടനകം തുടങ്ങിയവർ വാദ്യോപകരണ നിർമ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. വാദ്യോപകരണം ആവശ്യമുള്ള കലാകാരന്മാർക്കും തങ്ങളുടെ വിദ്യാലയത്തിൽ പഠിക്കുന്നവർക്കുമായി ചുരുങ്ങിയ ചെലവിൽ ചെണ്ട നിർമ്മിക്കുകയാണ് ഇവർ. കൊവിഡ് കാലത്ത് ഒരു വരുമാനമാർഗ്ഗം കൂടിയായിരിക്കുകയാണ് ഇത്.

ആറുമാസം മാത്രമാണ് വാദ്യകലാകാരൻമാർക്ക് തൊഴിലുള്ളത്. മറ്റ് തൊഴിൽ ചെയ്തുവേണം ബാക്കിയുള്ള സമയം കുടുംബം പുലർത്താൻ. മാർച്ച് മാസത്തിലാണ് കൊവിഡ് പ്രതിസന്ധി തുടങ്ങിയത്. ഇതോടെ വലിയ വരുമാനം ലഭിക്കേണ്ട ഉത്സവസീസൺ ഇവർക്ക് നഷ്ടമായി. ഇതോടെ മിക്കവരും കടുത്ത ദാരിദ്ര്യത്തിലായി.

കേരളത്തിൽ പ്രധാനമായി ചെണ്ട, മദ്ദളം, തിമില തുടങ്ങിയവ നിർമ്മിക്കുന്നത്
പാലക്കാട് ജില്ലയിലെ പെരുവെമ്പ്, നെന്മാറ, തൃശൂർ ജില്ലയിലെ വെ​ള്ളാർക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ്. വെള്ളാർക്കാട് ഗ്രാമമാണ് ഏറെ പ്രശസ്തം. ഇപ്പോൾ ജില്ലയിലും വാദ്യോപകരണങ്ങൾ ലഭ്യമാണ്. ചെണ്ട. തിമില, ഇടയ്ക്ക, ചെണ്ടക്കോൽ, ചെണ്ടവട്ടം, തിമിലവട്ടം, ഇടയ്ക്കവട്ടം തുടങ്ങിയവയാണ് ഇവിടെ ഇപ്പോൾ നിർമ്മിക്കുന്നത്. നല്ല സമയവും അദ്ധ്വാനവും ആവശ്യമാണ്. വരിക്കപ്ലാവിന്റെ മരമാണ് സാധാരണ കുറ്റിയായി ഉപയോഗിക്കുക. കണിക്കൊന്ന, കുങ്കുമം തുടങ്ങിയവയും ഉപയോഗിക്കാറുണ്ട് ഇതിന്റെ നീര് പോയിക്കിട്ടാൻ ഏകദേശം മൂന്നുമാസം വേണം. വട്ടം മാടാൻ വീണ്ടും രണ്ടാഴ്ച. ഇളംകാറ്റിൽ ഇളംചൂട് തട്ടി വേണം ഇത്. ശേഷം പനഞ്ചി മരത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ നീരാണ് ചെണ്ടയുടെ വട്ടിന്റെ വശത്തിലെ പശയായ് ഉപയോഗിക്കുന്നത് ഇത് ഉണങ്ങി കിട്ടാൻ ഒരാഴ്ച്ചയോളം വേണം. അദ്ധ്വാനത്തിനൊപ്പം നല്ല ക്ഷമയും ആവശ്യമാണ്. കൊവിഡിൽ തോൽക്കാതെ മുന്നോട്ടുപോവുക തന്നെയാണ് ഈ കലാകാരന്മാർ