
മലപ്പുറം: ചെറിയ വോട്ട് വ്യത്യാസം പോലും നിർണ്ണായകമാവുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇത്തവണ ജയപരാജയങ്ങളെ സ്വാധീനിക്കുക പുതുവോട്ടർമാർ. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുതിയ വോട്ടർമാർ ഇടംപിടിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്ത് ആകെ 9,15,154 പേരാണ് പുതിയ വോട്ടർമാരായുള്ളത്. ഇതിൽ ഒരുലക്ഷത്തിലേറെ പേർ ജില്ലയിൽ നിന്നുള്ളവരാണ്. മിക്ക വാർഡുകളിലും നൂറ് മുതൽ 250 വോട്ടർമാർ വരെ കൂടിയിട്ടുണ്ട്. ഓരോ ഗ്രാമപഞ്ചായത്തുകളിലും 500 മുതൽ 1,500 വരെ പുതിയ വോട്ടർമാർ ഉൾപ്പെട്ടു. രണ്ടായിരത്തിലേറെ പുതിയ വോട്ടർമാർ ഉൾപ്പെട്ട പത്തിലേറെ ഗ്രാമപഞ്ചായത്തുകൾ ജില്ലയിലുണ്ട്. പാണ്ടിക്കാട്, തൃക്കലങ്ങോട്, അങ്ങാടിപ്പുറം, ആനക്കയം, മുന്നിയൂർ പഞ്ചായത്തുകളിലായി അരലക്ഷത്തിലേറെ ജനങ്ങളുണ്ട്. ഇവിടങ്ങളിലാണ് പുതിയ വോട്ടർമാരുടെ എണ്ണവും കൂടിയത്. 23 പഞ്ചായത്തുകളിൽ 40,000ത്തിനും 50,000ത്തിനും ഇടയിൽ ജനസംഖ്യയുണ്ട്. സാമ്പത്തിക ബാദ്ധ്യത മുൻനിറുത്തി തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കുന്നത് ഇത്തവണ സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു. ജില്ലയിൽ 94 ഗ്രാമപഞ്ചായത്തുകളിലായി 1,778 വാർഡുകളും 12 നഗരസഭകളിൽ 479 വാർഡുകളുമടക്കം ആകെ 2,257 വാർഡുകളുണ്ട്.
ജില്ലയിൽ പുരുഷന്മാരേക്കാളും കൂടുതൽ സ്ത്രീ വോട്ടർമാരാണ്. ഇത്തവണ പ്രവാസികളും കൂടുതലായി വോട്ടർപട്ടികയിൽ ഇടംപിടിച്ചു. കൊവിഡിൽ കുടുങ്ങി വിദേശത്തേക്ക് മടങ്ങാനാവാതെ വന്നവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ രാഷ്ട്രീയപാർട്ടികൾ തീവ്രശ്രമം നടത്തിയിരുന്നു. ഇതരസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ മടങ്ങിയെത്തിയതും പട്ടികയിൽ ഉൾപ്പെടുന്നവരുടെ എണ്ണം കൂട്ടി. അപേക്ഷ നൽകുന്നതും ഹിയറിംഗും ഓൺലൈനായതോടെ ലോക്ക്ഡൗണിൽ വീടുകളിലിരുന്ന് മൊബൈലും കമ്പ്യൂട്ടറും വീഡിയോ കോളും ഉപയോഗിച്ചാണ് പുതുവോട്ടർമാർ പട്ടികയിൽ ഇടംപിടിച്ചത്. ന്യൂജെൻ വോട്ടർമാർ കൂടിയതോടെ സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണവും കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. പ്രമുഖ രാഷ്ട്രീയപാർട്ടികളെല്ലാം വാർഡ്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. സ്ക്വാഡുകളെ തിരഞ്ഞെടുക്കുകയും ചുവരെഴുത്തുകൾക്കുള്ള സ്ഥലങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങൾ പുറത്തിറങ്ങിയ ശേഷമേ പരസ്യ പ്രചാരണ പരിപാടികൾക്ക് രൂപമേകാനാവൂ എന്ന പ്രതിസന്ധിയിലാണ് പാർട്ടികൾ.
ഇനിയും അവസരമുണ്ട്
 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക കരടായി സ്വീകരിച്ചാണ് പുതിയ വോട്ടർമാരെ കണ്ടെത്തിയത്.
 2015ന് ശേഷം വോട്ടർപട്ടികയിൽ ഇടംപിടിച്ച് നിയമസഭ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്കും പുതുതായി വോട്ടേഴ്സ് ലിസ്റ്റിൽ അപേക്ഷ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.
 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
 തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇനിയും വോട്ടർപട്ടികയിലെ എണ്ണം കൂടാനാണ് സാദ്ധ്യത.