
മലപ്പുറം: കേരളത്തിലെ രണ്ടര ലക്ഷം ഫാമുകളെ പ്രതിസന്ധിയിലാക്കാൻ കുത്തകക്കമ്പനികളുടെ തമിഴ്നാട് ലോബി കോഴിക്കുഞ്ഞ് വില കുത്തനെ കൂട്ടി. ആറ് കുത്തകക്കമ്പനികളുടെ കൂട്ടായ്മയായ ബ്രോയ്‌ലേഴ്സ് കോ ഒാർഡിനേഷനാണ് കേരളത്തിലെ ഫാമുകളെ തകർക്കാൻ ശ്രമിക്കുന്നത്. 26 മുതൽ 30 വരെ ഉയരാറുള്ള കോഴിക്കുഞ്ഞ് വില രണ്ടാഴ്ചയ്ക്കിടെ 54 രൂപയായി.
കേരളത്തിലേക്കുള്ള 90 ശതമാനം കോഴിക്കുഞ്ഞും തമിഴ്നാട്ടിൽ നിന്നാണെത്തുന്നത്. മികച്ചയിനങ്ങളും വിദേശികളുമായ വാൻകോബ്, റോസ് എന്നിവയുടെ പാരന്റ് ബ്രീഡുകളെ വളർത്താനുള്ള അവകാശവും ഈ കമ്പനികൾക്കാണ്. നിലവിലെ വിലയിൽ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയാൽ ഫാമുകൾക്ക് വൻ നഷ്ടമുണ്ടാകും. ഇതൊഴിവാക്കാൻ മിക്ക ഫാമുകളും വെറുതെയിടേണ്ടിവരും. ഫാമുകളിൽ കോഴി കുറയുകയും കുഞ്ഞുങ്ങളെ ഇറക്കാനാവാതെ വരികയും ചെയ്യുന്നതോടെ ഇറച്ചി വില കൂടാനും സാദ്ധ്യതയുണ്ട്.
 പെരുകുന്ന നഷ്ടം
ഒരു കോഴി രണ്ടുകിലോയാവാൻ മൂന്നര കിലോ തീറ്റവേണം. ഒരുകിലോ തീറ്റയ്ക്ക് 30 രൂപയാണ് വില. 50 കിലോയുടെ ചാക്കിന് 1,600 രൂപ വരും. തമിഴ്നാട് ബ്രോയിലർ കോ ഒാർഡിനേഷനാണ് പ്രധാനമായും തീറ്റ ഉത്പാദിപ്പിക്കുന്നത്. ഇവരുടെ കീഴിലുള്ള ഫാമുകൾക്ക് മൂന്നിലൊന്ന് തുക മതി. കോഴിക്കുഞ്ഞിന്റെ വില, മരുന്ന്, വൈദ്യുതിച്ചാർജ്, തൊഴിലാളികളുടെ കൂലി എന്നിവ തമിഴ്നാട്ടിൽ കുറവാണ്. നിലവിലെ അവസ്ഥയിൽ കേരളത്തിൽ ഒരുകിലോ കോഴിയുത്പാദിക്കാൻ 90 മുതൽ 95 രൂപ വരെയാണ് ചെലവ്. ലാഭം കൂടാതെയാണിത്. ഫാമുകളിൽ നിന്ന് 88 രൂപയ്ക്കാണ് മൊത്തവിതരണക്കാർ കോഴികളെ വാങ്ങുന്നത്. ഒരുകിലോ ഇറച്ചിക്ക് കടകളിൽ 155 മുതൽ 175 രൂപ വരെയാണ് വില.
 എന്നിറങ്ങും ഉത്തരവ്
കേരളത്തിലെ കോഴിഫാമുകളെ കൃഷിയിലുൾപ്പെടുത്താൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. അഞ്ചുമാസം മുമ്പ് മുഖ്യമന്ത്രിയെ സമീപിച്ച കോഴിക്കർഷക സംഘടനകളോട് വൈകാതെ ഉത്തരവിറങ്ങുമെന്ന് അറിയിച്ചിരുന്നു. വൈദ്യുതി നിരക്ക് കുറയുന്നതിനൊപ്പം മറ്റാനുകൂല്യങ്ങളും ലഭിക്കും.
'കോഴിക്കുഞ്ഞുങ്ങളുടെ വില ഒരിക്കലും ഇതുപോലെ വർദ്ധിച്ചിട്ടില്ല. കൊവിഡ് കാലത്ത് കർഷകർക്കുള്ള ഇരുട്ടടിയാണിത്. ഒഴിഞ്ഞുകിടക്കുന്ന ഫാമുകളിൽ ഒരുകിലോയ്ക്ക് പരമാവധി ആറ് രൂപ നൽകി കരാർ വളർത്തലിനാണ് കമ്പനികളുടെ ശ്രമം. ഇതുവഴി കേരളത്തിലെ ഫാംമേഖലയെ ഇല്ലാതാക്കുകയാണ് ലക്ഷ്യം".
- ഖാദറലി വറ്റല്ലൂർ, സംസ്ഥാന ജനറൽസെക്രട്ടറി, കേരള പൗൾട്രി ഫാം അസോസിയേഷൻ