shivan
കാണാതായ കണക്കപറമ്പിൽ ശിവൻ

എടപ്പാൾ: വിവാഹ, ജാതി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ച് നാല് വർഷമായിട്ടും അനുവദിക്കാത്ത അധികൃതരുടെ നടപടിയിൽ ദുരിതംപേറി വീട്ടമ്മയും മക്കളും. തിരൂർ തെക്കൻ കുറ്റൂർ സ്വദേശിനിയും കാലടിയിൽ താമസക്കാരിയുമായ ബിന്ദുവിനാണ് അധികൃതർ സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നത്. ഇവരുടെ ഭർത്താവ് കണക്കപറമ്പിൽ ശിവനെ 17 വർഷം മുമ്പ് കാണാതായിരുന്നു. പൊന്നാനി പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ വന്നതോടെ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ഇവർക്ക് കിട്ടുന്നില്ല. മക്കൾക്ക് കിട്ടിയ ജോലി പോലും ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തടസ്സപ്പെട്ടിരിക്കുകയാണ്. വിവിധ സ്‌കോളർഷിപ്പുകൾക്കും സർട്ടിഫിക്കറ്റ് അഭാവം വല്ലാതെ കുഴക്കുന്നുണ്ട്. ഉദര സംബന്ധമായ രോഗത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ ശാരീരിക അവശതകളും ഈ വീട്ടമ്മ നേരിടുന്നുണ്ട്. നാട്ടുകാരുടെ സഹായം കൊണ്ടാണ് ബിന്ദു നാല് മക്കളെയും വളർത്തിയത്.വിവാഹ സർട്ടിഫിക്കറ്റിന് തിരൂർ ആർ.സി.ഒയ്ക്ക് നാലുവർഷം മുമ്പാണ് ബിന്ദു അപേക്ഷ നൽകിയിരുന്നത്. സർക്കാരിന്റെ കാരുണ്യം പ്രതീക്ഷിച്ചാണ് ബിന്ദുവും മക്കളും കഴിയു​ന്നത്.