
മലപ്പുറം: നിയന്ത്രണങ്ങൾ വിട്ടുയരുന്ന കൊവിഡിനെ പിടിച്ചുനിറുത്താൻ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിലും 96 പഞ്ചായത്തുകളിലും ഗസറ്റഡ് ഓഫീസർമാർക്ക് എക്സിക്യുട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരം നൽകും. ഇതിന് ചുമതലപ്പെടുത്തേണ്ട 108 ഉദ്യോഗസ്ഥരുടെ ലിസ്റ്റടക്കം ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്. സി.ആർ.പി.എഫ് സെക്‌ഷൻ 21 പ്രകാരം ഓരോ ഉദ്യോഗസ്ഥർക്കും മജീസ്റ്റീരിയൽ അധികാരവും പരിധിയും നിശ്ചയിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കും. കൃഷി ഓഫീസർമാർ, പ്ലസ്ടു അദ്ധ്യാപകർ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ എന്നിവർക്കാണ് സെക്ടറൽ മജിസ്ട്രേറ്റിന്റെ അധികാരം നൽകുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലാവും ഇവരുടെ പ്രവർത്തനം.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുക, ബ്രേക് ദ ചെയിൻ കാമ്പയിൻ, ക്വാറന്റൈൻ, ഐസൊലേഷൻ, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കൊവിഡ് പ്രോട്ടോക്കോൾ ലംഘനം, മൈക്രോ കണ്ടെയ്ൻമെന്റ് സോൺ, റിവേഴ്സ് ക്വാറന്റൈൻ, വാണിജ്യ സ്ഥാപനങ്ങളിലെയും ഷോപ്പുകളിലെയും മാർക്കറ്റുകളിലെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുക എന്നിവയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതല.
അദ്ധ്യാപകരെ ഉൾപ്പെടുത്തി ഓണക്കാലത്ത് നടത്തിയ സ്‌ക്വാഡ് പ്രവർത്തനം ജില്ലയിൽ ഏറെ ഫലപ്രദമായിരുന്നു. ആളുകൾ കൂട്ടംകൂടുന്നതും കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനവും തടയാൻ ഇതു സഹായകമായി. നിലവിൽ അദ്ധ്യാപകർക്ക് കൊവിഡ് സെന്ററുകളുടെ ചുമതലയുണ്ട്.
നടപടിയെടുത്ത് പൊലീസ്
വലിയ വർദ്ധനവ്
മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്നലെ വലിയ വർദ്ധനവ് രേഖപ്പെടുത്തി. 1,350 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം രോഗബാധിതരാവുന്നവരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. രോഗബാധിതരായവരിൽ 1,224 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 84 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 743 പേർ രോഗമുക്തരായി. ഇവരുൾപ്പെടെ 21,280 പേരാണ് ഇതുവരെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.