
മലപ്പുറം: ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നതിലെ മടിയിൽ മാറ്റംവന്നതോടെ ഒന്നര വർഷത്തിനിടെ ജില്ലയിൽ കുറഞ്ഞത് പകുതിയിലധികം അപകട മരണങ്ങൾ. സംസ്ഥാനത്ത് റോഡപകടങ്ങളിലെ മരണസാദ്ധ്യതയിൽ മലപ്പുറമായിരുന്നു മുന്നിൽ. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാനുള്ള മടി തന്നെ കാരണം. മരണപ്പെടുന്നവതിൽ 60 ശതമാനവും ഇരുചക്രവാഹനക്കാർ. നല്ലൊരു പങ്കും ചെറുപ്പക്കാരും. വാഹനപരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ശാസ്ത്രീയ സമീപനമാണ് ജീവൻ പൊലിയുന്നവരുടെ എണ്ണം കുറച്ചത്. മൂന്നുമാസത്തിനിടെ മാത്രം മുൻവർഷങ്ങളെ അപേക്ഷിച്ച് 26 മരണങ്ങൾ കുറയ്ക്കാനായി. ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2019 മാർച്ച് മുതൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട 2020 മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 78 മരണങ്ങൾ കുറഞ്ഞു. ഈവർഷം ജനുവരി മുതൽ മാർച്ച് വരെ ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും 105 പേരുടെ കുറവുണ്ട്.
വെറുതെയുണ്ടായ മാറ്റമല്ല
ഹെൽമെറ്റും സീറ്റ്ബെൽറ്റുമില്ലെങ്കിൽ ഏതുനിമിഷവും പണി ഫൈനായി കിട്ടാമെന്ന അവസ്ഥ വന്നതോടെയാണ് മടിച്ചെങ്കിലും മലപ്പുറം ഇതിലേക്കെത്തിയത്. തലയും നെഞ്ചും ഇടിച്ചാണ് അപകടമരണങ്ങൾ ഏറെയുമുണ്ടാവുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഹെൽമെറ്റ് ധരിക്കാത്തവർക്കെതിരെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വ്യാപകമായി പരിശോധന നടത്തി. പ്രായപൂർത്തിയാവാത്തവരും ലൈസൻസില്ലാത്തവരും വാഹനമോടിക്കുന്ന പതിവുകാഴ്ച്ചയ്ക്കും വിലങ്ങിട്ടു. നിയമലംഘനങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങളും സമയവും കണ്ടെത്തിയായിരുന്നു എൻഫോഴ്സ്‌മെന്റ് ടീമുകളുടെ നീക്കം. സ്കൂൾ പി.ടി.എകളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സ്ഥിരമായി ബൈക്ക് നൽകുന്ന രക്ഷിതാക്കളെ കണ്ടെത്തി നിയമനടപടികൾ സംബന്ധിച്ച് ബോധവത്കരിച്ചു. സ്കൂൾ അടയ്ക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാലയങ്ങൾക്ക് സമീപം പരിശോധന ശക്തമാക്കിയതോടെ ഫെയർവെൽ അഭ്യാസങ്ങൾ കുറക്കാനായി. ഒരുവർഷത്തിനിടെ ഹെൽമെറ്റ് ധരിക്കാത്തതിന് എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ മാത്രം 11,268 കേസുകളാണെടുത്തത്. സീറ്റ് ബെൽറ്റിടാത്തതിന് 1,900 കേസും.
2020
മാസം അപകടമരണം
സെപ്തംബർ - 14
ആഗസ്റ്റ് - 14
ജൂലൈ - 21
2019
സെപ്തംബർ - 34
ആഗസ്റ്റ് - 17
ജൂലൈ - 24
സ്ഥിരമായി അപകടങ്ങൾ ഏറെയുള്ള സ്ഥലങ്ങളും സമയവും പഠിച്ച് സ്ക്വാഡുകളെ പരിശോധനയ്ക്ക് നിയോഗിക്കുന്നുണ്ട്. സാധാരണയുള്ള പരിശോധനയ്ക്കപ്പുറം ശാസ്ത്രീയ സമീപനമെടുത്താൽ അപകടങ്ങൾ കുറയ്ക്കാനാവും. കൊവിഡിന് ശേഷം ബൈക്ക് യാത്രികരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങൾ ഓരോന്നും വിലയിരുത്തിയാണ് പരിശോധനകൾ നടത്തുന്നത്.
ടി.ജി. ഗോകുൽ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ