 
മഞ്ചേരി: ' എന്റെ ശരീരത്തിൽ നിന്നും നീ ഇറങ്ങിയാലും ഞാൻ വിടില്ല'. കൊറോണയോടുള്ള മഞ്ചേരി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഗോപകുമാറിന്റെ വെല്ലുവിളി വെറുംവാക്കായില്ല. രോഗമുക്തനായ ശേഷം കൊവിഡ് ബാധിതരുടെ വീടുകളും സ്ഥാപനങ്ങളും സ്വന്തം ഉത്തരവാദിത്വത്തിൽ സൗജന്യമായി അണുനശീകരണം ചെയ്യുകയാണ് ഈ യുവാവ് .
ആഗസ്റ്റ് 29 നാണ് കൊവിഡ് പോസിറ്റീവായി ഗോപകുമാർ ചികിത്സയിൽ പ്രവേശിച്ചത്. സെപ്തംബർ അഞ്ചിന് കൊവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി തിരികെ ജോലിയിൽ പ്രവേശിച്ച ഗോപകുമാർ ആദ്യം വാങ്ങിയത് അണുനശീകരണ യന്ത്രമാണ്. സൗജന്യസേവനത്തിന് വിളിക്കുക എന്ന കുറിപ്പ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. മാർക്കറ്റുകൾ, പൊതു ഇടങ്ങൾ, ബസ് സ്റ്റാന്റുകൾ, കൊവിഡ് ബാധിച്ചവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും അണു നശീകരണ യന്ത്രവുമായി ഒഴിവുസമയങ്ങളിലെല്ലാം ഗോപൻ ഓടിയെത്തും. നിരവധി പേർ അഭിനന്ദനങ്ങളുമായെത്തി. വട്ടാണല്ലേ എന്ന് ചോദിച്ചവരുമുണ്ട്. ഒറ്റ മറുപടി മാത്രമേയുണ്ടായിരുന്നുള്ളൂ . "ഒന്നും പറയാനില്ല. ബീ പോസിറ്റീവ് ".