quary

മലപ്പുറം: ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിൽ ജില്ലയിൽ കാരാത്തോട്, പുളിക്കൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ക്വാറികളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ക്വാറികളിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞുനിറുത്തിയുളള പരിശോധനയിൽ സർക്കാർ അനുമതി നൽകിയ അളവിനേക്കാൾ ഇരട്ടിയിലധികം ഭാരം കയറ്റി വരുന്ന വാഹനങ്ങൾ കണ്ടെത്തി. സർക്കാരിന് റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ട വരുമാനമാണ് ഇതുമൂലം നഷ്ടമാകുന്നത്. നിയമാനുസൃതമായ പാസില്ലാതെയും വാഹനങ്ങൾ പിടികൂടി. ഇവ ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനും മലപ്പുറം, പെരിന്തൽമണ്ണ ആർ.ടി ഓഫീസുകൾക്കും തുടർനടപടികൾക്കായി കൈമാറി. 20 വാഹനങ്ങൾ അമിത ഭാരം കയറ്റിയതായും അഞ്ച് വാഹനങ്ങൾ നിയമാനുസൃത പാസില്ലാതെയും കണ്ടെത്തി. ഇതിൽ ഒരു അന്യ സംസ്ഥാന വാഹനത്തിന് ഇന്റർസ്റ്റേറ്റ് പെർമിറ്റില്ലാത്തതിനാൽ വാഹനം ആർ.ടി.ഒ സീസ് ചെയ്തിട്ടുളളതുമാണ്. നാലര ലക്ഷത്തോളം രൂപ പിഴയിനത്തിൽ ഈടാക്കുന്നതിന് വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ക്വാറികളിലും വിജിലൻസ് സംഘം പരിശോധന നടത്തി. ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോ‌ർട്ട് സമർപ്പിക്കും. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കാരാത്തോട്ടിലും ഇൻസ്‌പെക്ടർ എം.ഗംഗാധരന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലും പരിശോധന നടത്തി.