mulki
ഹാരിസിന്റെ വീട്ടിലെ പുരയിട കുരുമുളക് കൃഷി

കുറ്റിപ്പുറം: കൊവിഡിനിടയിലും വാടാതെ ജില്ലയിലെ കുരുമുളക് കൃഷി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ വലിയ ഇടിവില്ലാത്തതിന്റെ ആശ്വാസത്തിലാണ് ഒന്നരലക്ഷത്തോളം വരുന്ന കുരുമുളക് കർഷകർ. കിലോയ്ക്ക് 300 മുതൽ 330 രൂപ വരെയാണ് നിലവിലെ വില. നേരത്തെ 250ലേക്ക് വരെ വില കുത്തനെ താഴ്ന്നിട്ടുണ്ട്. കൊവിഡിന് പിന്നാലെ കുരുമുളകിന് ആവശ്യക്കാ‌ർ‌ ഏറിയതും വില താഴാതെ പിടിച്ചുനിർത്താൻ സഹായിച്ചു. തൊലി നീക്കം ചെയ്തു കിട്ടുന്ന വെളുത്ത കുരുമുളകിന് വിദേശത്തടക്കം ആവശ്യക്കാർ കൂടിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളാണ് വിളവെടുപ്പ് കാലം. വില ഉയർന്നുതന്നെ നിൽക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മലയോര മേഖലയായ നിലമ്പൂരിലാണ് ജില്ലയിൽ കൂടുതൽ കുരുമുളക് കൃഷി ചെയ്യുന്നത്. ചെറിയതോതിൽ വീടുകളിലും ഒപ്പം വലിയ തോതിൽ തോട്ടങ്ങളായും കൃഷി ചെയ്യുന്നുണ്ട്. കരിമുണ്ട,​ പന്നിയൂർ ഇനങ്ങളാണ് ജില്ലയിൽ ഏറെയും കൃഷി ചെയ്യുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഹെക്ടറിന് 20,000 രൂപയോളം സർക്കാർ സബ്സിഡിയും നൽകുന്നുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

താത്പര്യമുണ്ടോ,​ കൃഷിയിറക്കാം

25 സെന്റുണ്ടെങ്കിൽ പുരയിട കുരുമുളക് കൃഷി ചെയ്യാം. 220 കുരുമുളക് വള്ളി കൃഷി വകുപ്പ് നൽകും. പടുമരങ്ങളിലാണ് ഇവ പ്രധാനമായും വളർത്തുന്നത്. ജില്ലയിൽ കൊവിഡിനിടയിലും ഒന്നേമുക്കാൽ ലക്ഷത്തോളം കുരുമുളക് തൈകൾ വിതരണം ചെയ്​തതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. വിളവെടുത്ത കുരുമുളക് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് ഈ കൃഷിയിലുള്ള മേന്മയെന്നും വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും വർഷങ്ങളായി പുരയിട കൃഷി ചെയ്യുന്ന പെരുമ്പടപ്പിലെ പത്തുകണ്ടത്തിൽ ഹാരിസ് പറഞ്ഞു.