addullakutty
അപകടത്തിൽപ്പെട്ട അബ്ദുള്ളക്കുട്ടിയുടെ കാ‌ർ

മലപ്പുറം: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയുടെ കാർ കോട്ടയ്ക്കൽ രണ്ടത്താണിയിൽ അപകടത്തിൽപ്പെട്ട സംഭവം തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അന്വേഷിക്കും. വാഹനം അപകടത്തിൽപ്പെട്ടതിലും വെളിയങ്കോടിൽവെച്ച് കൈയേറ്റം ചെയ്തെന്ന പരാതിയിലും രണ്ട് കേസുകളെടുത്തു. ഈ സംഭവങ്ങൾ തമ്മിൽ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം പറഞ്ഞു.

കാറിന് പിന്നിലിടിച്ച ടോറസ് ലോറി കാടാമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ വേങ്ങര സ്വദേശി സുഹൈലിനെതിരെ കേസെടുത്തു. കനത്തമഴയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. അബ്ദുള്ളക്കുട്ടിയുടെ കാ‌ർ പെട്ടെന്ന് ബ്രേക്കിട്ടെന്നും ഡ്രൈവർ പറയുന്നു. അപായപ്പെടുത്താൻ ശ്രമിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക് സാധനസാമഗ്രികൾ കൊണ്ടുപോവാൻ ഉപയോഗിക്കുന്ന ലോറി മലപ്പുറം സ്വദേശി സബാന്റെ ഉടമസ്ഥതയിലുള്ളതാണ്.

എറണാകുളത്ത് നിന്ന് കണ്ണൂരിലേക്കുള്ള പോകവേ വ്യാഴാഴ്ച്ച രാത്രി 10.45ഓടെയാണ് കാർ അപകടത്തിൽപ്പെട്ടത്. അബ്ദുള്ളക്കുട്ടി മുൻസീറ്റിലും പിന്നിൽ രണ്ട് യുവമോർച്ച പ്രവർത്തകരുമുണ്ടായിരുന്നു. ആർക്കും പരിക്കില്ല. അബ്ദുള്ളക്കുട്ടി മറ്റൊരു കാറിൽ യാത്ര തുടർന്നു.

അപായപ്പെടുത്താൻ ശ്രമിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ പരാതിയിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. പൊന്നാനിക്കടുത്ത് വെളിയങ്കോട് ചായ കുടിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ ചിലർ അസഭ്യം പറയുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആദ്യ പരാതി. ഇവ‌ർ അൽപ്പദൂരം കാറിനെ പിന്തുടർന്നു. രണ്ടത്താണിയിൽ കയറ്റം കയറുമ്പോൾ പിന്നിൽ ലോറി രണ്ടുവട്ടം വന്ന് ഇടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറ‌ഞ്ഞു. വെളിയങ്കോട്ടെ ഹോട്ടലിൽവെച്ച് തർക്കമുണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ ഷക്കീർ പറഞ്ഞു.

സാധാരണ വാഹനാപകടങ്ങളിലെ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കനത്ത മഴയാവാം അപകട കാരണമെന്നാണ് കാടാമ്പുഴ പൊലീസിന്റെ പ്രാഥമിക നിഗമനം.