
മലപ്പുറം: ജില്ലയിൽ ഇന്നലെ 1,174 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 1,125 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 25 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രോഗബാധയുണ്ടായവരിൽ 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവ് ജില്ലയിൽ തുടരുകയാണ്. സർക്കാറിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സർക്കാർ വകുപ്പുകളുമായി ചേർന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സമ്പർക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ തുടരുന്ന പ്രതിരോധ പ്രവർത്തനങ്ങളോട് പതു ജനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ സഹകരിക്കണണമെന്നും ജനപങ്കാളിത്തത്തോടെ കൊവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഇന്നലെ 909 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 23,065 പേർ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു.
നിരീക്ഷണത്തിൽ 48,488 പേർ
48,488 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 7,914 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 529 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,341 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 133 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.