പരപ്പനങ്ങാടി: പരപ്പനങ്ങാടി - നാടുകാണി പാതയിൽ ബസ് സ്റ്റാന്റിന് മുൻവശത്തെ ഉണങ്ങിയ മരം അപകട ഭീഷണി ഉയർത്തുന്നു. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ അടിഭാഗം കേടായി നിൽക്കുകയാണ്. മുകൾഭാഗമാണെങ്കിൽ പൂർണ്ണമായും ഉണങ്ങി ഒരു നല്ല കാറ്റ് വീശിയാൽ ഏതു സമയത്തും നിലംപതിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ കേടായ മരത്തിന്റെ അടിഭാഗത്ത് നിന്ന് മറ്റൊരു മരം മുളച്ചു പൊങ്ങിനിൽകുന്നത് കണ്ടാൽ പ്രത്യക്ഷത്തിൽ മരത്തിന് കേടുള്ളതായി ആരുടെയും ശ്രദ്ധയിൽപ്പെടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. പനയത്ത് പള്ളിയുടെ പരിസര പ്രദേശം കൂടിയായതിനാൽ ജനവാസം കൂടിയ മേഖലയിലാണ് അപകടഭീഷണിയിൽ നിൽക്കുന്ന ഈ മരം നിൽക്കുന്നത്. അപകടമുണ്ടാവുന്നതിന് മുമ്പ് തന്നെ മരം മുറിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.