
മലപ്പുറം: ജില്ലയിൽ ഖരമാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 39 ഗ്രാമപഞ്ചായത്തുകളും ആറ് നഗരസഭകളുമാണ് ശുചിത്വപദവി കൈവരിച്ചിട്ടുള്ളത്. സർക്കാരിന്റെ 12 ഇന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഘട്ടംഘട്ടമായി ശുചിത്വപദവി നേടുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി 61 തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലയിൽ നിന്നും ആദ്യഘട്ടത്തിൽ ശുചിത്വപദവി പ്രഖ്യാപനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പരിശോധന കഴിഞ്ഞ 45 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ശുചിത്വ പദവി നൽകുന്നത്. മാറഞ്ചേരി, നന്നമുക്ക്, തവനൂർ, വട്ടംകുളം, ആലംങ്കോട്, വെളിയങ്കോട്, വളവന്നൂർ, നിറമരുതൂർ, ഊരകം, പറപ്പൂർ, ചാലിയാർ, കരുളായി, തുവൂർ, അമരമ്പലം, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, മൂർക്കനാട്, മൊറയൂർ, ആനക്കയം, കോഡൂർ, ഒതുക്കുങ്ങൽ, എടപ്പറ്റ, ചേലേമ്പ്ര, കുഴിമണ്ണ, പുൽപ്പറ്റ, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, വാഴയൂർ, തിരുന്നാവായ, വെട്ടം, പുറത്തൂർ, മംഗലം, എടയൂർ, തൃക്കലങ്ങോട്, കീഴാറ്റൂർ, എലംകുളം, തിരുവാലി, മേലാറ്റൂർ തുടങ്ങി 39 ഗ്രാമപഞ്ചായത്തുകളുടെയും പൊന്നാനി, പരപ്പനങ്ങാടി, നിലമ്പൂർ, മലപ്പുറം, മഞ്ചേരി, തിരൂർ ആറ് നഗരസഭയുടെയുമാണ് ശുചിത്വപദവി പ്രഖ്യാപനം നടത്തുന്നത്.
ശുചിത്വത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുന്നത്. ആദ്യഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വയം ശുചിത്വപദവി പ്രഖ്യാപനം നടത്താം. ഇങ്ങനെ പ്രഖ്യാപനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാതലശുചിത്വ അവലോകന സമിതി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ നിശ്ചയിച്ച സമിതി പരിശോധിച്ച് സർക്കാറിന്റെ ശുചിത്വ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 60 ശതമാനമോ അതിന് മുകളിലോ മാർക്ക് ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ശുചിത്വ പദവിക്ക് അർഹമാകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച രേഖയുടെ അടിസ്ഥാനത്തിലും സമിതിയുടെ നേരിട്ടുള്ള സന്ദർശനത്തിലൂടെയും ഹരിതകർമ്മ സേനയുമായുള്ള ആശയവിനിമയത്തിലൂടെയും മാർക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.