
നിലമ്പൂർ: വെളിയംതോട് ജവഹർ കോളനിയോട് ചേർന്ന് പട്ടികജാതി വകുപ്പിനു കീഴിലുള്ള സ്ഥലം നിലമ്പൂർ അഗ്നിരക്ഷാനിലയത്തിന്റെ കെട്ടിടം നിർമ്മിക്കാൻ വിട്ടുനൽകാവില്ലെന്ന് സർക്കാർ അറിയിച്ചു. 2018ലെ പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ട മതിൽമൂല കോളനിവാസികൾക്കായി ഈ സ്ഥലം കൈമാറാനുള്ള ആലോചനയാണ് നീക്കത്തിന് തിരിച്ചടിയായത്. ഏറെക്കാലത്തെ ശ്രമങ്ങൾക്കൊടുവിൽ പട്ടികജാതിവകുപ്പിന്റെ ഒന്നരയേക്കർ ഭൂമിയിൽ നിന്നും ഫയർസ്റ്റേഷന് സ്ഥലം അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് പുതിയ തീരുമാനം .
2016-17 ബഡ്ജറ്റിൽ നിലമ്പൂരിൽ അഗ്നിരക്ഷാ സേനയ്ക്കായി സ്വന്തം കെട്ടിടം നിർമ്മിക്കാൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. നിയമസഭയിൽ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രിയും 60 സെന്റ് ഭൂമി അനുവദിക്കുന്നതു സംബന്ധിച്ചു സ്ഥിരീകരണം നൽകി.
2018ലും 2019ലുംഉണ്ടായ പ്രളയത്തിൽ ഏറ്റവും വലിയ നാശനഷ്ടമുണ്ടായ നിലമ്പൂരിൽ അഗ്നിശനമ സേനാ വിഭാഗത്തിന് വിപുലമായ സംവിധാനങ്ങൾ അനിവാര്യമാണ്. ബന്ധപ്പെട്ടവർ വേഗത്തിൽ ഇടപെട്ടില്ലെങ്കിൽ നിലമ്പൂരിൽ അഗ്നിശമനസേന വിഭാഗത്തിനായി സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
കഷ്ടമാണ് കാര്യം
2005 ഡിസംബർ 16നാണ് സ്ഥാപിതമായ ഫയർസ്റ്റേഷൻ നിലമ്പൂർ ചക്കാലക്കുത്ത് റോഡിൽ നഗരസഭയുടെ സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. 
നഗരസഭ കാര്യാലയവും ഇവിടേക്കു മാറ്റിയതോടെ കോമ്പൗണ്ടിൽ വാഹനത്തിരക്കേറി. അടിയന്തര സാഹചര്യത്തിൽ സ്റ്റേഷനിൽ നിന്നും വാഹനങ്ങൾക്ക് പുറപ്പെടുന്നടാൻ ഇത് തടസമായി. 
നഗരസഭ കെട്ടിടം വരുംമുമ്പ് വെള്ളമെടുക്കാനായി ഇവിടെയുണ്ടായിരുന്ന ഗ്രൗണ്ട് ടാങ്ക് കെട്ടിട നിർമ്മാണത്തിനായി പൊളിച്ചു നീക്കി. പകരം സംവിധാനം ഒരുക്കിയിട്ടില്ല. 
വെളിയംതോട്ടെ സ്ഥലം കെ.എൻ.ജി റോഡിന് സമീപത്തായതിനാൽ വലിയ ഗതാഗതക്കുരുക്കിനുള്ള സാദ്ധ്യതയും കുറവായിരുന്നു.