 
നായക്കുട്ടികൾക്ക് രക്ഷകനായി ശ്രീജേഷ്
കുറ്റിപ്പുറം : തെരുവിൽ ഒഴിവാക്കപ്പെടുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്ന തെരുവ്നായ്ക്കൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും ആശ്രയമൊരുക്കി ശ്രദ്ധേയനാകുകയാണ് ശ്രീജേഷ് പന്താവൂർ.കഴിഞ്ഞ ദിവസം വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന അയിലക്കാട് എടപ്പാൾ റോഡിൽ കാർഡ്ബോർഡ് ബോക്സിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആറോളം നായകുഞ്ഞുങ്ങൾക്ക് ആശ്രയമായത് ശ്രീജേഷാണ്. യാത്രക്കാരായ സന്തോഷ്, ശ്യാം എന്നിവരാണ്ശ്രീജേഷിനെ വിവരമറിയിച്ചത്. തിരക്കേറിയ റോഡിനടുത്താണ് ഇവയെ ഉപേക്ഷിച്ചിരുന്നത്. ഉടനടി ശ്രീജേഷ് ബന്ധുവിനോടൊപ്പമെത്തി നായ്ക്കുട്ടികളെ കൊണ്ടുപോയി. അന്വേഷണത്തിൽ നായക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചയാളെ കണ്ടെത്തിയ ഇവർ കുഞ്ഞുങ്ങളെ അമ്മയുടെയടുത്തെത്തിച്ചു. അമ്മയുടെ അടുത്തേക്ക് കുതിക്കുന്ന നായ്ക്കുഞ്ഞുങ്ങളുടെ ദൃശ്യം ഇവരുടെ ഹൃദയം നിറച്ചു.
നാലുവർഷമായി തന്റെ ചുറ്റുവട്ടത്തിൽ എവിടെ തെരുവ്നായ്ക്കൾ അപകടത്തിൽ പെട്ടാലും ഒഴിവാക്കപ്പെട്ടാലും ശ്രീജേഷ് ഓടിയെത്തും. കുഞ്ഞുങ്ങളാണെങ്കിൽ അവയെ പരിപാലിക്കും. വളർത്താൻ താത്പര്യമുള്ളവർക്ക് നൽകും. അപകടത്തിൽ പെട്ടവയ്ക്ക്ചികിത്സയും നൽകും. ദേശീയപാതയിൽ വാഹനമിടിച്ചു കിടന്ന് മൃതപ്രായമായ തെരുവ്നായയെ പുതുജീവിതത്തിലേക്ക് കൊണ്ടുവരാനായ സംഭവത്തിന് ശേഷമാണ് ശ്രീജേഷ് ഇത്തരം പ്രവർത്തനത്തിലേക്ക് കടന്നത്. രണ്ടു കാലും നഷ്ട്ടമായ നായയെ ചികിത്സിച്ച് വീൽച്ചെയറിലാക്കിയാണ് പുതുജീവിതത്തിലേക്ക് നടത്തിയത്. ഗൾഫിൽ ഐ ടി മേഖലയിലെ ജോലി ഒഴിവാക്കി നാട്ടിൽ കൂടിയ ശ്രീജേഷ് നായ്ക്കളുടെ പരിപാലനം ദൗത്യമായി ഏറ്റെടുത്തു. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് പേർ നായ്ക്കളുടെ പരിപാലനത്തെ കുറിച്ചും ഒപ്പം മറ്റ് സംശയങ്ങൾക്കും ശ്രീജേഷിനെ വിളിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ മാത്രം തെരുവിൽ നിന്നും അമ്പതോളം നായ്ക്കുഞ്ഞുങ്ങളെ രക്ഷിച്ചു. ഇതിൽ നാൽപ്പതോളം നായ്ക്കുഞ്ഞുങ്ങളെ വളർത്താൻ താത്പര്യമുള്ളവർക്ക് നൽകി.