llkkjkjj

കൊണ്ടോട്ടി: പ്രശസ്ത സഞ്ചാര സാഹിത്യകാരൻ മൊയ്തു കിഴിശ്ശേരി എന്ന ഇല്ല്യൻ മൊയ്തു(61) അന്തരിച്ചു. ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനായി വരികയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ പ്രോട്ടോക്കോൾ അനുസരിച്ച് കുഴിമണ്ണ പഴയ ജമാഅത്ത് പള്ളിയിൽ ഖബറടക്കി.

1959ൽ ഇല്ല്യൻ അഹമ്മദ്കുട്ടി ഹാജിയുടേയും കദിയക്കുട്ടിയുടേയും മകനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിൽ ജനനം. നാലാംക്ലാസുവരെ പഠിച്ചു.1969 ൽ പത്താംവയസ്സിൽ വീടുവിട്ട് മൊയ്തു സഞ്ചാരം തുടങ്ങി. 1976ൽ രാജ്യാന്തര സാഹസികയാത്ര തുടങ്ങി.43 രാഷ്ട്രങ്ങളിൽ 14 വർഷങ്ങളിലായി സഞ്ചരിച്ച മൊയ്തു യാത്രാ അനുഭവങ്ങളുമായി ഏഴ് പുസ്തകങ്ങൾ എഴുതി.

യാത്രകൾക്കിടയിൽ ഇറാനിൽ സൈനികസേവനമനുഷ്ടിച്ചു. ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 1980-81ൽ ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയുടെ റിപ്പോർട്ടറുമായിരുന്നു. റഷ്യക്കെതിരെ അഫ്ഗാൻ മുജാഹിദുകൾക്കൊപ്പം ഗറില്ല യുദ്ധത്തിലും പങ്കെടുത്തു. ബാഗ്ദാദ് യൂണിവേഴ്സിറ്റിക്ക് കീഴിൽ കുല്ലിയ്യ, ശരീഅ ചരിത്ര പഠനം, ഇസ്തംബൂളിൽ ചരിത്രം, ഭാഷ, അറബി കാലിഗ്രാഫി എന്നിവയിൽ വിജ്ഞാനം നേടി.യുനാനി വൈദ്യശാസ്ത്രം വശത്താക്കിയിരുന്നു.സഞ്ചരിച്ച രാജ്യങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന പുരാവസ്തുക്കൾ പിന്നീട് കൊണ്ടോട്ടി വൈദ്യർ അക്കാദമിക്ക് കൈമാറി.സാഹസിക യാത്ര, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടിൽ, ലിവിംഗ് ഓൺ ദ എഡ്ജ്, ദർദേ ജൂതാ ഈയു (യാത്രികന്റെ പ്രണയാനുഭവങ്ങൾ),​ ദൂർ കെ മുസാഫിർ, മരുഭൂ കാഴ്ചകൾ എന്നിവയാണ് പുസ്തകങ്ങൾ. ഭാര്യ:സോഫിയ. മക്കൾ: നാദിർഷാൻ ബുഖാരി (കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹൈസ്‌കൂൾ അദ്ധ്യാപകൻ),സജ്ന.