1
വെള്ള കുപ്പികൾ കൊണ്ട് നിർമ്മിച്ച തോണി കൂരിയാട് മാതാട് തോട്ടിൽ യുവാക്കൾ തുഴയുന്നു,

തിരൂരങ്ങാടി: പ്രളയത്തിൽ ഒഴുകിയെത്തിയ എഴുന്നൂറോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് തോണി ഉണ്ടാക്കിയിരിക്കുകയാണ് വേങ്ങര കുരിയാടുള്ള നാല് ചെറുപ്പക്കാർ. മാലിന്യനിർമ്മാർജ്ജന സന്ദേശം സമൂഹത്തിനേകുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ തോണി നിർമ്മാണം. വേങ്ങര കൂരിയാട് കാസ്മ ക്ലബ് പ്രവർത്തകരായ രാഗിൽ (24)​,​ വിഷ്ണു തേലത്ത്പടിക്കൽ (24)​,​ ശരത് വെട്ടൻ(26)​,​ നിധിൻ കൂരിയാട് പടിക്കൽ (26)​ എന്നിവരാണ് പ്രളയത്തിൽ കടലുണ്ടി പുഴയിലൂടെയും മറ്റും ഒലിച്ചെത്തിയതും റോഡരികിലും വയലോരങ്ങളിലും ഉപേക്ഷിച്ചതുമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് തോണി നിർമ്മിച്ചത്. കുപ്പികൾക്ക് പുറമെ കവുങ്ങ് പാളികളും കയറുമാണ് തോണി നിർമ്മിക്കാനായി ഉപയോഗിച്ചത്. മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഈ പ്രളയകാലത്ത് ഒലിച്ചുവന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചപ്പോഴാണ് ഇവരുടെ മനസ്സിൽ ഇത്തരമൊരു ആശയം രൂപം കൊണ്ടത്. തോണിയിൽ ആറ് പേർക്ക് കയറാൻ പറ്റുമെന്ന് ചെറുപ്പക്കാർ പറയുന്നു.