 
പൊന്നാനി: അബൂബക്കർ സിദ്ധീഖിന് തീർച്ചയായും ചോദിക്കാം. മിടുക്കനെന്തിനാണ് കൈകാലുകളെന്ന്. കഴിവും ശേഷിയുമുണ്ടെങ്കിൽ നേട്ടങ്ങളൊക്കെയും കൂടെ ചേരുമെന്നതിന് ദൃഷ്ടാന്തമാകുകയാണ് ഈ മിടുക്കൻ. കൊവിഡ് പൂട്ടിട്ടാലും വെറുതെയിരിക്കാൻ ഒരുക്കമല്ല അബൂസി എന്ന അബൂബക്കർ സിദ്ധീഖ്. കൊവിഡ് കാലത്ത് ദേശീയവും അന്തർ ദേശീയവുമായ 27 വെബിനാറുകളിലാണ് അബൂബക്കർ സിദ്ധീഖ് പങ്കെടുത്തത്. ഒരു നാനോ ഡിപ്ലോമ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും ഗവേഷകരും ഒത്തുചേർന്ന വെബിനാറിൽ പങ്കെടുത്ത് യു.കെ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഭാഗമാകുകയും ചെയ്തു.
പൊന്നാനി ഈശ്വരമംഗലത്ത് എം.എ.അക്ബറിന്റെയും നഫീസ അക്ബറിന്റെയും മൂന്ന് മക്കളിൽ ഇളയവനാണ് അബൂസി. കൈകാലുകളെന്നാൽ അബൂസിക്ക് ഇടതു കൈയും അതിലെ ഏതാനും വിരലുകളും മാത്രമാണ്. വൈകല്ല്യങ്ങൾക്കൊപ്പമാണ് പിറന്നു വീണതെങ്കിലും പരിമിതികളിൽ ഒതുങ്ങിക്കൂടാൻ ഈ മിടുക്കൻ തയ്യാറായിരുന്നില്ല. ഇലക്ട്രോണിക് വീൽ ചെയറിനെ കൈകാലുകളാക്കി നേട്ടങ്ങളൊക്കെയും തേടി പിടിക്കുകയാണ് അബൂബക്കർ സിദ്ധീഖ്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം തേടിയെത്തിയത് കൊവിഡ് കാലത്തായിരുന്നു. എം.ഇ.എസ് പൊന്നാനി കോളേജിലായിരുന്നു പഠനം.
പ്രത്യേക പരിശീലനമൊന്നുമില്ലാതെ ഒറ്റക്കാണ് ബിരുദം നേടിയെടുത്തത്. എം.സി.എക്ക് ചേരണമെന്നതാണ് ആഗ്രഹം. സീറ്റ് വലിയൊരു കടമ്പയാണ്. തന്റെ പരിമിതികൾക്കു മുന്നിൽ സർക്കാർ പരിഗണന പിന്തുണയായി എത്തുമെന്നാണ് അബൂബക്കർ പ്രതീക്ഷിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലാണ് ബിരുദാനന്തര ബിരുദ പഠനം ആഗ്രഹിക്കുന്നത്.
കൊവിഡ് കാലത്ത് അബൂസി ഓൺലൈൻ സംവാദങ്ങൾക്കൊപ്പമായിരുന്നു. 27 അക്കാദമിക് വെബിനാറുകളിലാണ് പങ്കെടുത്തത്. കൊവിഡാനന്തര ലോകം, കരിയർ ഗൈഡൻസ്, ഡിജിറ്റൽ ലോകത്തെ മാറ്റങ്ങൾ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയായിരുന്നു വിഷയങ്ങൾ. രാഷ്ട്ര നിർമ്മാണ പദ്ധതിയുടെ ഭാഗമായി ചെന്നൈ ഐ.ഐ.ടി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്ത് യു.കെ.ബുക്ക് ഓഫ് റെക്കോർഡിന്റെ ഭാഗമാവുകയും ചെയ്തു.
ഓൺലൈൻ സംവാദങ്ങളിൽ മികച്ച സാന്നിധ്യമാണ് ഈ മിടുക്കൻ.
സർഗ്ഗാത്മകമായ നിരവധി മേഖലകളിൽ അബൂബക്കർ മികവറിയിച്ചിട്ടുണ്ട്. എഴുത്ത്, വര, സംഗീതം, ഹ്രസ്വ സിനിമ ചിത്രീകരണം എന്നിവയിൽ സാന്നിദ്ധ്യമായിട്ടുണ്ട്. രണ്ടാമത്തെ ഹ്രസ്വ ചിത്രത്തിനായുള്ള ഒരുക്കത്തിനിടെയാണ് കൊവിഡെത്തിയത്. പുത്തൻ മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള നിരവധി ആശയങ്ങൾ അബൂബക്കറിന്റെ മനസ്സിലുണ്ട്. പരിമിതികളൊന്നും അതിന് തടസ്സമാകില്ലെന്ന ഉറപ്പിനൊപ്പമാണ് അബൂബക്കറുള്ളത്. അബൂബക്കർ സിദ്ധീഖിനെ വെറുതെയിരുത്താൻ ഉപ്പയും ഉമ്മയും തയ്യാറല്ല. മകന്റെ ആഗ്രഹങ്ങൾക്കും കഴിവുകൾക്കുമൊപ്പം കൈകാലുകളായി മാറുകയാണ് ഈ മാതാപിതാക്കൾ. അബൂസി സ്വന്തമാക്കുന്ന നോട്ടങ്ങളൊക്കെയും ലോകത്തിന് നൽകുന്ന പ്രചോദനം ചെറുതല്ല.