മലപ്പുറം: കൊവിഡ് കാലത്തും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾക്ക് കുറവില്ല. എട്ടു മാസത്തിനിടെ 248 പോക്‌സോ കേസുകൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. കഴിഞ്ഞ വർഷം 448 കേസുകളായിരുന്നു. നിലവിലെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ പോക്‌സോ കേസുകളിൽ കുറവുണ്ട്. ലൈംഗിക പീഡനം, ലൈംഗിക ചൂഷണം, ലൈംഗിക അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെയാണ് പോക്‌സോ കേസ് ചുമത്തുന്നത്. പോക്സോ കേസ് സംബന്ധിച്ച അവബോധവും കുട്ടികളുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജാഗ്രതയിൽ പരാതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതുമാണ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.
മലപ്പുറം കഴിഞ്ഞാൽ തിരുവനന്തപുരത്താണ് കേസുകൾ കൂടുതൽ, 233 എണ്ണം. കോഴിക്കോട് - 178, തൃശൂർ - 170, പാലക്കാട് - 164, കൊല്ലം- 157, ആലപ്പുഴ- 128 , കോട്ടയം - 131, ഇടുക്കി - 111, എറണാകുളം - 148 എന്നിങ്ങനെയാണ് ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള പോക്‌സോ കേസുകൾ. പത്തനംതിട്ട - 65, വയനാട് - 74, കണ്ണൂർ - 91, കാസർകോട് - 99 എന്നിങ്ങനെ ജില്ലകളിലാണ് താരതമ്യേനെ കേസുകൾ കുറവുള്ളത്.
വലിയ വർദ്ധനവ്
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. 2019നെ അപേക്ഷിച്ച് ഈ വർഷം കേസുകളിൽ ചെറിയ കുറവുണ്ടെന്നാണ് എട്ടു മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.
വർഷം കേസുകൾ
2015 - 194
2016 - 244
2017 - 219
2018 - 411
2019 - 448
2020 - 248