 
തിരൂരങ്ങാടി : കടലുണ്ടിപ്പുഴയുടെ മിക്ക ഭാഗങ്ങളിലും കരയിടിച്ചിൽ വ്യാപകം. കഴിഞ്ഞ പ്രളയത്തിൽ കരയിടിച്ചിൽ ശക്തമായിരുന്നിട്ടുപോലും മേജർ ഇറിഗേഷൻ
അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കടലുണ്ടിപ്പുഴയിൽ വെള്ളം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കരയിടിച്ചിൽ കാരണം തെങ്ങും മറ്റു മരങ്ങളും പുഴയിലേക്ക് വീഴുകയാണ്. പുഴയരിക് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ നിരന്തര ആവശ്യം. പനമ്പുഴ, പാറക്കടവ്, പാലത്തിങ്ങൽ, പന്താരങ്ങാടി, പള്ളിപ്പടി, തേർക്കയം, ചീർപ്പിങ്ങൽ, മമ്പുറം എന്നിവിടങ്ങളിലാണ് പുഴയിടിഞ്ഞ് ഭീക്ഷണി നേരിടുന്നത്. ഇവ ശ്രദ്ധയിൽ പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല.
മഴകാരണം കരയിടിച്ചിൽ ഇനിയും തുടർന്നാൽ പുഴയുടെ അടുത്ത് താമസിക്കുന്ന
വീടുകൾ, മറ്റു കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ മുതലായവയുടെ നിലനിൽപ്പ് അപകടത്തിലാവുമെന്ന ഭീതിയിലാണ് നാട്ടുകാർ.
പുഴയ്ക്ക് സംരക്ഷണഭിത്തി കെട്ടണമെന്ന വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം സർക്കാരുകൾ ഇതുവരെയും പരിഗണിച്ചിട്ടില്ല. നിരവധിതവണ അധികൃരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനിയെങ്കിലും അടിയന്തരമായി പ്രശ്നത്തിന് തീരുമാനം കാണുമെന്നാണ് പ്രതീക്ഷ