2
കോട്ടക്കുന്ന് പാർക്കിലെ ദൃശ്യം

കുറ്റിപ്പുറം : കൊവിഡ് പ്രതിസന്ധിയിൽ അലങ്കോലമാവാതെ,​ കൂടുതൽ സുന്ദരമായി ഒരുങ്ങിയിരിക്കുകയാണ് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ. ലോക്ക് ‌‌ഡൗണിൽ താഴ് വീണ കേന്ദ്രങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം കാൽപ്പെരുമാറ്റത്തിനായി കാത്തിരിക്കുന്നു. മാസങ്ങളായി അടഞ്ഞുകിടക്കുന്നത് വരുമാനത്തിൽ നഷ്ടം ഉണ്ടാക്കിയെങ്കിലും ഡി.ടി.പി.സിയും ജീവനക്കാരും പാർക്കുകളെ മനോഹരമായി സംരക്ഷിച്ചുപോന്നു. കൊവിഡിന്റെ ഭീതിക്കിടയിലും മനസ്സു കുളിർപ്പിക്കാൻ പുത്തൻ കാഴ്ചകളുമായാണ് ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അണിഞ്ഞൊരുങ്ങിയിട്ടുള്ളത്.

പതിനാലോളം വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ളത്. മാർച്ചുമാസം മുതൽ എല്ലാം അടഞ്ഞുകിടപ്പാണ്. ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയിരുന്ന കോട്ടക്കുന്ന് പാർക്കും ഇതിലുൾപ്പെടും. ഡി.ടി.പി.സിയുടെ കീഴിലുള്ള 80ഓളം ജീവനക്കാർക്ക് കഴിഞ്ഞ എട്ടു മാസത്തോളമായി മുടങ്ങാതെ മുഴുവൻ ശമ്പളവും നൽകുന്നതായി അധികൃതർ അറിയിച്ചു. സർക്കാരിൽ നിന്ന് പണം അനുവദിച്ചത് ശമ്പളവിതരണം നടത്താൻ സഹായകമായി. പാർക്കുകൾ മനോഹരമായി നിലനിറുത്തുന്നതിൽ ജീവനക്കാരുടെ സേവനം നിർണ്ണായകമായി. കോട്ടക്കുന്നിലെ നെല്ലിയും മറ്റു ഫലവൃക്ഷങ്ങളും കായ്ച്ചു സുന്ദരമായി നിൽപ്പാണ്. വിവിധ ചെടികളും പുഷ്പിച്ച് മനോഹരമായി നിൽക്കുന്ന കാഴ്ചയാണ്.

വിനോദകേന്ദ്രങ്ങൾ ഇവ

കുറ്റിപ്പുറം നിളാപാർക്ക്,​ ബിയ്യം പാർക്ക്,​ ബിയ്യം തൂക്കുപാലം,​ ചമ്രവട്ടംപുഴയോര സ്‌നേഹപാത,​ ആഢ്യൻപാറ,​ കേരളാംകുണ്ട് വെള്ളച്ചാട്ടം. കരുവാരക്കുണ്ട് ഇക്കോ ടൂറിസം വില്ലേജ്,​ കോട്ടക്കുന്ന്,​ വണ്ടൂർ,​ ചെരണി പാർക്കുകൾ തുടങ്ങിയവയാണ് ഡി ടി പി സിക്ക് കീഴിലുള്ള വിനോദകേന്ദ്രങ്ങൾ

അടഞ്ഞു കിടന്ന നാളുകൾ അറ്റകുറ്റപ്പണികൾക്കായും മറ്റും ഉപയോഗിച്ചു. ജീവനക്കാരുടെ കൃത്യമായ മേൽനോട്ടത്തിലൂടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൃത്യമായി പരിപാലിച്ച് കൂടുതൽ സുന്ദരമാക്കാനായി. ജില്ലയിൽ നിലവിൽ 144 നിലവിലുണ്ട്. സുരക്ഷാമുൻകരുതൽ സ്വീകരിച്ചും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്ത ശേഷം പാർക്കുകൾ വൈകാതെ തുറക്കും

ബിനോഷ് കുഞ്ഞപ്പൻ

ഡി ടി പി സി സെക്രട്ടറി