 
തേഞ്ഞിപ്പലം: സാമ്യമകന്നോരുദ്യാനമല്ല, പാടശേഖരത്തിന് സമാനമായ നെൽക്കൃഷിയാണ് മനോജ് മാഷിന്റെ വീട്ടുമുറ്റത്തിന് ശോഭ പകരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒലിപ്പുറം സ്വദേശിയും ചേളാരി എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനുമായ കുത്തിരേഴി മനോജ് കൃഷിക്കായി തിരഞ്ഞെടുത്തത് വീടിന്റെ മുറ്റം തന്നെയാണ്. കണ്ണിനു കുളിർമയേകുന്ന പൂന്തോട്ടത്തിന് പകരം മുറ്റത്തെ 20 ഓളം സെന്റ് നെൽക്കൃഷിക്കായാണ് മനോജ് തിരഞ്ഞെടുത്തത്.
ജൂൺ മാസത്തിൽ നട്ട ഞാറ് കുടുംബാംഗങ്ങളും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് അംഗങ്ങളും ചേർന്ന് കഴിഞ്ഞ ദിവസമാണ് കൊയ്തത്. ആദ്യതവണ കൃഷി പരാജയപ്പെട്ടെങ്കിലും ജൂൺ മാസം ഉമ ഇനത്തിൽപ്പെട്ട വിത്ത് തിരഞ്ഞെടുത്ത് കൃഷി തുടരാൻ തീരുമാനിക്കുകയായിരുന്നു. തേഞ്ഞിപ്പലം പഞ്ചായത്തിലെ കർഷകനായ ദാസനും സഹായത്തിന് കൂടി. കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമായതോടെ മനോജും ഭാര്യ ഷീനയും മക്കളായ മഹാദേവും ഭദ്രയും ചേർന്ന് വിളവെടുത്തത് നൂറുമേനി. മുറ്റത്തെ കൃഷി ഇനിയും തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.