
പൊന്നാനി: ഹൗറ പാലം മാതൃകയിൽ പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമ്മിക്കുന്ന കടൽപ്പാലത്തിന് കിഫ്ബി അംഗീകാരം. പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിക്കുന്നതാണ് ഒരു കിലോമീറ്റർ നീളത്തിലുള്ള കടൽപ്പാലം. തിരുവനന്തപുരം-കാസർകോട് തീരദേശ ഇടനാഴിയുടെ ഭാഗമായുള്ള പാലത്തിന് 289 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്.
നാലുവരിയായാണ് നിർമ്മാണം. 24 മീറ്ററാണ് വീതി. രണ്ടുവരി ഗതാഗതത്തിനുപയോഗിക്കും. ബാക്കി സ്ഥലത്ത് സൈക്കിൾ ട്രാക്കും വ്യൂ ഗാലറിയും ഒരുക്കും. 2045ഓടെ ഗതാഗതരംഗത്തുണ്ടാക്കുന്ന തിരക്ക് കണക്കിലെടുത്ത് നാലുവരിപാതയായി മാറ്റാം. ഈ ഘട്ടത്തിൽ സൈക്കിൾട്രാക്കും വ്യൂ പോയിന്റും പാലത്തിന് താഴേക്ക് മാറ്റാനാവും.കപ്പലുകൾക്ക് വരെ കടന്നുപോകാവുന്ന തരത്തിൽ ജലനിരപ്പിൽ നിന്ന് 16 അടി ഉയരത്തിലാവും നിർമ്മാണം.
ഗതാഗതത്തിന് പുറമെ ടൂറിസംസാദ്ധ്യത കൂടി കണക്കിലെടുത്തിട്ടുണ്ട്. അഴിമുഖത്തിന്റെ ഇരുകരകളിലുമായി പാർക്ക് ഒരുക്കും. പാലത്തിൽ നിന്ന് ലിഫ്റ്റ് മാർഗ്ഗം പാർക്കിലെത്താം. പടിഞ്ഞാറെക്കരയിലെ നിലവിലെ പാർക്കിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. പൊന്നാനിയിൽ പുതുതായി നിർമ്മിക്കും. പാലത്തിന് താഴെ ബ്രിഡ്ജ് കഫെയും ഡിസൈനിലുണ്ട്.
പടിഞ്ഞാറക്കര ഭാഗത്തെ 800 മീറ്ററിനായി നാലേക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും.
വിവിധ ടൂറിസം പദ്ധതികളെ കോർത്തിണക്കി പൊന്നാനി ടൂറിസം ട്രയാങ്കിൾ പദ്ധതിയും സാദ്ധ്യമാക്കും. മത്സ്യബന്ധന യാനത്തിന്റെ ആകൃതിയിലാണ് പാലം നിർമ്മിക്കുക.